ഇൻഫ്ലുവൻസ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം
text_fieldsശൈത്യകാലത്തിന്റെ വരവോടെ എത്തുന്ന രോഗമാണ് ഇൻഫ്ലുവൻസ (ഫ്ലൂ). കുവൈത്തിൽ അടുത്തിടെയായി നിരവധി പേർക്ക് ഇൻഫ്ലുവൻസ പിടിപെടുകയും ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സാധാരണവും എന്നാൽ അപകടകാരിയുമായ വൈറൽ അണുബാധയാണിത്. നിയന്ത്രിച്ചില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയായേക്കാം. തക്കസമയത്തുള്ള ഇടപെടൽ വഴി ജീവൻ രക്ഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയും. ഇൻഫ്ലുവൻസ വൈറസ് ടൈപ് എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗമുണ്ട്. എ, ബി വിഭാഗങ്ങളാണ് കൂടുതൽ പകർച്ച സ്വഭാവമുള്ളത്. സി നേരിയ അണുബാധക്ക് കാരണമാകുന്നു. ഡി അപൂർവമാണ്.
കുട്ടികളെ ശ്രദ്ധിക്കണം
ലോകമെമ്പാടും ഈ വാർഷിക പകർച്ചവ്യാധി കാരണം ഏകദേശം 30 ലക്ഷം മുതൽ 50 ലക്ഷം വരെ ആളുകൾ കഠിനമായ അസുഖങ്ങൾക്ക് ഇരയാകുന്നു. 2.9 ലക്ഷം മുതൽ 6.5 ലക്ഷം വരെ ശ്വാസകോശ മരണവും സംഭവിക്കുന്നു. വികസ്വര രാജ്യങ്ങളിൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട 99 ശതമാനം മരണവും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് സംഭവിക്കുന്നത്.
എല്ലാ പ്രായവിഭാഗക്കാരെയും വൈറസ് ബാധിക്കുമെങ്കിലും ഗർഭിണികൾ, അഞ്ചു വയസ്സിനു താഴെയുള്ളവർ, 65 വയസ്സിനു മുകളിലുള്ളവർ, മാറാരോഗികൾ, എയ്ഡ്സ് ബാധിതർ, കീമോതെറപ്പി ചെയ്യുന്നവർ, സ്റ്റിറോയിഡുകൾ സ്വീകരിക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യത കൂടുതലാണ്.
വാക്സിൻ പ്രധാനം
ആർ.ടി.പി.സി.ആർ പരിശോധന വഴി അല്ലെങ്കിൽ റാപിഡ് ഇൻഫ്ലുവൻസ ഡയഗ്നോസ്റ്റിക് ടെസ്റ്റ് വഴി രോഗം കണ്ടുപിടിക്കാം. മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ വീട്ടിലിരിക്കാനും മാസ്ക് ഉപയോഗിക്കാനും രോഗികൾ ശ്രദ്ധിക്കണം. ഉയർന്ന അപകടസാധ്യതയുള്ളവരിൽ എത്രയും വേഗം ആന്റിവൈറലുകൾ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിക്കണം.
രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പ്രതിരോധ കുത്തിവെപ്പാണ്. കുത്തിവെപ്പിൽനിന്നുള്ള പ്രതിരോധശേഷി കാലക്രമേണ കുറയുന്നതിനാൽ എല്ലാ വർഷവും ഇൻഫ്ലുവൻസ വാക്സിനേഷൻ നടത്തണം. പ്രായമായവരിൽ കുത്തിവെപ്പ് രോഗത്തിന്റെ ഗുരുതരാവസ്ഥയും മരണവും കുറക്കാൻ സഹായിക്കും.
ലക്ഷണങ്ങൾ
ഒറ്റനോട്ടത്തിൽ സാധാരണ ജലദോഷവും ഒരുപോലെ തോന്നാം. എന്നാൽ, പനിയോടൊപ്പം തലവേദന, തൊണ്ടവേദന, മൂക്കടപ്പ്, ചുമ, തുമ്മൽ, അസ്വാസ്ഥ്യം തുടങ്ങിയവ ഫ്ലൂ ലക്ഷണമാകാം. ഇവ ഇടക്കിടെ വരുന്നത് ഗുരുതര രോഗത്തിലേക്ക് നയിച്ചേക്കാം.
സൂക്ഷ്മത അനിവാര്യം
കോശത്തിലേക്ക് പ്രവേശിക്കുക, പെരുകി വ്യാപിക്കുക എന്നതാണ് വൈറസിന്റെ സ്വഭാവം. വൈറസിന്റെ ജനിതക മാറ്റം പകർച്ചവ്യാധിയുടെ സ്വഭാവവും വ്യാപ്തിയും നിർണയിക്കുന്നു. വൈറസ് ബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായുവിൽ ചിതറിത്തെറിക്കുന്ന തുള്ളികൾ മറ്റുള്ളവരിലേക്കും പടരാൻ ഇടയാക്കുന്നു. കൈകളിലൂടെയും പടരാം. രോഗികളുമായി നിരന്തരം ഇടപെടുന്നതുകൊണ്ട് ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം. പകർച്ച തടയാൻ ചുമയ്ക്കുമ്പോൾ വായയും മൂക്കും മൂടണം. കൈ ഇടക്കിടെ കഴുകണം.
ഡോ. മുഹമ്മദ് ആസിഫ് അലി
(ഫിസിഷ്യൻ ആൻഡ് ഡയബറ്റോളജിസ്റ്റ്
റോയൽ സിറ്റി ക്ലിനിക്, ജലീബ് അൽ ശുയൂഖ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.