കോവിഡ്: അതിതീവ്രവ്യാപനം നേരിടാൻ ഓക്സിജനും മരുന്നും സുരക്ഷാ ഉപകരണവും ഉറപ്പുവരുത്താൻ നിർദേശം
text_fieldsതിരുവനന്തപുരം: ആശങ്കയുയർത്തി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതിതീവ്രവ്യാപനം നേരിടാൻ സജ്ജീകരണങ്ങളൊരുക്കി കേരളം. വരുംദിവസങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽകണ്ട് മതിയായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്
സര്‍ക്കാര്‍ മേഖലയില്‍ 3,107 ഐ.സി.യു കിടക്കകളും 2293 വെന്റിലേറ്ററുകളും സ്വകാര്യമേഖലയില്‍ 7468 ഐ.സി.യു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. 8353 ഓക്സിജന്‍ കിടക്കകളും സജ്ജമാണ്. ഓക്സിജനും മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉറപ്പുവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗമുണ്ടായാല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സംസ്ഥാനം നേരേത്തതന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ലിക്വിഡ് ഓക്സിജന്റെ സംഭരണശേഷിയും വര്‍ധിപ്പിച്ചു.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ സംഭരണശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുമ്പ് നാല് ഓക്സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 42 ഓക്സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. 14 എയര്‍ സെപ്പറേഷന്‍ യൂനിറ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായുണ്ട്. പരമാവധി പേര്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള 99.8 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 83 ശതമാനത്തോളം പേര്‍ക്ക് രണ്ടാം ഡോസും നല്കി. കുട്ടികളുടെ വാക്സിനേഷന് 57 ശതമാനമായി (8,67,199). കരുതല്‍ ഡോസ് വാക്സിനേഷനും പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.