നോക്കണ്ട, ചെങ്കണ്ണാ; കാലാവസ്ഥ മാറ്റമാണ് ചെങ്കണ്ണ് ബാധക്ക് കാരണം
text_fieldsതേഞ്ഞിപ്പലം: ചെങ്കണ്ണ് ജില്ലയില്‍ പലയിടത്തും പടരുന്നു. സ്കൂള്‍-അംഗൻവാടി കുട്ടികള്‍ക്കിടയിലാണ് ചെങ്കണ്ണ് ബാധ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില അധ്യാപകര്‍ക്കും രോഗം ബാധിച്ചു. രോഗബാധയുള്ള കുട്ടികള്‍ സ്കൂളില്‍ തല്ക്കാലം വരരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയാണ് ചെങ്കണ്ണ് ബാധക്ക് പ്രധാനകാരണം. വായുവിലൂടെ പകരുന്ന സാംക്രമികരോഗമാണ് ചെങ്കണ്ണ്. അതിനാല്‍ വിദ്യാർഥികളുടെ തമ്മിലുള്ള അടുത്തിടപഴകല്‍ രോഗവ്യാപനത്തിനിടയാക്കും. ഇതാണ് ജില്ലയില്‍ പലയിടത്തും ചെങ്കണ്ണ് പടരാനിടയാക്കിയത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം നോര്‍ത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്കൂള്‍-അംഗൻവാടി കുട്ടികള്‍ക്കിടയില്‍ രോഗം വ്യാപകമാണ്. ജില്ലയിലെ മറ്റിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, വലിയതോതില്‍ ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസില്‍നിന്ന് അറിയിച്ചു. വ്യക്തിശുചിത്വം പാലിച്ചും രോഗബാധിതരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയും മാത്രമേ രോഗവ്യാപനം തടയാനാകൂ.
രോഗബാധിതാരായ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളില്‍ ഇടപഴകരുത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏഴാം ദിവസമാണ് രോഗം പ്രത്യക്ഷമാകുക. 14 ദിവസത്തിനുശേഷമേ പൂര്‍ണമായും ഭേദമാകൂ. രോഗം ബാധിച്ചാലും സ്ഥിരം കുളിക്കണം. ഇടക്കിടെ കണ്ണ് കഴുകണം. ചികിത്സ തേടുകയും വേണം. കണ്ണിന്റെ പാളിയായ കണ്‍ജങ്ക്റ്റൈവ എന്ന കോശഭിത്തിയില്‍ വൈറസോ ബാക്ടീരിയയോ മറ്റു വസ്തുക്കളോ കാരണം കോശജ്വലനം സംഭവിക്കുന്നതിനാലാണ് ചെങ്കണ്ണുണ്ടാകുന്നത്.
ഈ ഭാഗത്തേക്ക് രക്തപ്രവാഹം ഉണ്ടാവുകയും തുടര്‍ന്ന് കണ്ണ് ചുവക്കുകയും ചെയ്യും.
കണ്ണില്‍ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കണ്പോളകളില് വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വ്യക്തിശുചിത്വത്തിലൂടെ, പ്രത്യേകിച്ചും കൈ വൃത്തിയായി കഴുകുന്നതിലൂടെ ഈ രോഗത്തെ ഭാഗികമായി പ്രതിരോധിക്കാനാകും.
അടിസ്ഥാന കാരണത്തെ ആശ്രയിച്ചാണ് ചികിത്സ നല്‍കേണ്ടത്. ഭൂരിഭാഗം വൈറല്‍ കേസുകളിലും പ്രത്യേക ചികിത്സ ആവശ്യമില്ല. ബാക്ടീരിയ അണുബാധ മൂലമുള്ള മിക്ക കേസുകളും ചികിത്സയില്ലാതെ പരിഹരിക്കാം. എന്നാല്‍, ആന്റിബയോട്ടിക്കുകള്‍ക്ക് രോഗം കുറക്കാന്‍ കഴിയും. കോൺടാക്ട് ലെന്‍സുകള്‍ ധരിക്കുന്നവര്‍ക്കും ഗൊണോറിയ അല്ലെങ്കില്‍ ക്ലമീഡിയ മൂലമുണ്ടാകുന്ന അണുബാധയുള്ളവര്‍ക്കും ചികിത്സ നല്‍കണം.
അലര്‍ജി കേസുകള്‍ ആന്റിഹിസ്റ്റാമൈനുകള്‍ അല്ലെങ്കില്‍ മാസ്റ്റ് സെല്‍ ഇന്‍ഹിബിറ്റര്‍ തുള്ളിമരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.