ഓട്ടിസം ചികിത്സക്ക് സീബ്ര മത്സ്യങ്ങളെ പഠിച്ച് കാലിക്കറ്റിലെ ഗവേഷകര്‍
text_fieldsതേഞ്ഞിപ്പലം: സീബ്ര മത്സ്യങ്ങളിലെ ഗവേഷണം ഓട്ടിസം ചികിത്സക്ക് ഉപയോഗിക്കുന്നതിന്റെ സാധ്യത തേടി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. അശ്വതി ശിവരാമന്, രോഹിത് നന്ദകുമാര്‍, ഡോ. ബിനു രാമചന്ദ്രന് എന്നിവരാണ് രണ്ടു വര്‍ഷത്തോളമായി ഡാനിയോ റെറിയോ എന്ന സീബ്ര മത്സ്യങ്ങളില്‍ പഠനം നടത്തുന്നത്. ഇവരുടെ കണ്ടെത്തലുകള്‍ പ്രമുഖ ശാസ്ത്ര ജേണലായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ (എ.സി.എസ് ഒമേഗ) പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
രണ്ടായിരത്തോളം സീബ്ര മത്സ്യങ്ങളെ ഗവേഷണത്തിനായി കൊല്‍ക്കത്തയില്‍നിന്ന് എത്തിക്കുകയായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലാശയങ്ങളില്‍ കൂട്ടമായി കഴിയുന്നതും പരമാവധി അഞ്ച് സെന്റിമീറ്റർ മാത്രം വലിപ്പം വെക്കുന്നതുമായ മത്സ്യമാണിത്. വയനാട്ടിലെ കബനീ നദിയില്‍ സീബ്ര മത്സ്യത്തെ കണ്ടെത്തിയിരുന്നു. ജനിതകമാറ്റത്തിലൂടെ പല നിറങ്ങളിലാക്കി അലങ്കാരമത്സ്യമായും ഇവയെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ള സീബ്ര മത്സ്യങ്ങളില്‍ ഓട്ടിസം, കാന്‍സര്‍, അല്‍ഷിമേഴ്സ് തുടങ്ങി മനുഷ്യരിലുണ്ടാകുന്ന നൂറിലധികം അസുഖങ്ങള്‍ പുനഃസൃഷ്ടിക്കാനാകും.
സമൂഹമായി ജീവിക്കുന്ന ഈ മത്സ്യങ്ങളെ ഒറ്റക്ക് വളര്‍ത്തിയും പ്രതികൂല സാഹചര്യങ്ങള്‍ നല്‍കിയും നിരീക്ഷിച്ചാണ് പഠനം. ഓട്ടിസം ബാധിതരായ കുട്ടികള്‍ സാമൂഹ്യബന്ധങ്ങളില്‍നിന്ന് അകലുന്നതിന്റെയും അവരുടെ പ്രതികരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനും പരിഹാരത്തിനും ഈ പഠനങ്ങളിലൂടെ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ. ബിനു രാമചന്ദ്രന് പറഞ്ഞു. ന്യൂറോ ചികിത്സരംഗത്തുള്ള ആശുപത്രികളുമായി സഹകരിച്ച് ഗവേഷണപദ്ധതി വിപുലമാക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.