വാഹനങ്ങൾ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം മറവിരോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം
text_fieldsട്രാഫിക് ശബ്ദങ്ങൾ ഡിമെൻഷ്യ, പ്രത്യേകിച്ച് അൽഷിമേഴ്സ് രോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം. ദി ബി.എം.ജെ ജേർണലിൽ പ്രസിദ്ധീകരിച്ച ഡെൻമാർക്കിൽ നടന്ന ഗവേഷണമാണ് ഇത്തരമൊരു അപകട മുന്നറിയിപ്പ് നൽകുന്നത്.
ദീർഘകാലമായി ട്രാഫിക് ശബ്ദങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് ഡിമൻഷ്യയുടെ അപകട സാധ്യത എത്രത്തോളമാണെന്നാണ് ഗവേഷകർ അന്വേഷിച്ചത്. 2004 നും 2017 നും ഇടയിൽ ഡെൻമാർക്കിലെ 60 വയസ് കഴിഞ്ഞ രണ്ട് ദശലക്ഷം പേരിലായിരുന്നു പഠനം. ഇവർ താമസിക്കുന്ന വീടുകളും കെട്ടിടങ്ങളും റോഡിനോ റെയിൽവേ ട്രാക്കിനോ സമീപമായിരുന്നു. ഇത്തരം ശബ്ദങ്ങൾമൂലം ഉറക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ രോഗപ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങൾ, ഓക്സിഡേറ്റീവ് സ്ട്രെസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥകളെല്ലാം ഡിമെൻഷ്യയുടെയും അൽഷിമേഴ്സ് രോഗത്തിൻെറയും തുടക്കത്തിലെ കാരണങ്ങളായി വിദഗ്ധർ പറയുന്നു.
അമിതവണ്ണം, പ്രമേഹം, ഹൃദയ ധമനികളുടെ പ്രശ്നം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ശബ്ദമലിനീകരണവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. എന്നാൽ, മറവി രോഗത്തിലും ഇത് പ്രതിഫലിക്കുന്നതായുള്ള ഗവേഷണങ്ങൾ കുറവാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ആളുകൾക്ക് ചിലതരം ഡിമെൻഷ്യ ഉണ്ട്. 2050 ഓടെ ഇത് 150 ദശലക്ഷം കവിയുമെന്ന് പറയപ്പെടുന്നു. യൂറോപ്പിൽ, വായു മലിനീകരണത്തിന് ശേഷം പൊതുജനാരോഗ്യത്തെ ഏറ്റവും മോശമായി ബാധിക്കുന്ന രണ്ടാമത്തെ ഘടകം ട്രാഫിക് ശബ്ദ മലിനീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.