സ്കൂൾ കുട്ടികളിൽ കോവിഡ് ബാധ കൂടുന്നു; ആശങ്കക്ക് വകയില്ലെന്ന് അധികൃതർ
text_fieldsബംഗളൂരു: സ്കൂൾ തുറന്നതോടെ കുട്ടികളിൽ കോവിഡ് ബാധ കൂടുന്നു. കഴിഞ്ഞ 13 ദിവസം ബംഗളൂരുവിൽ ആകെയുള്ള കോവിഡ് ബാധിതരിൽ 13.42 ശതമാനവും കുട്ടികളാണ്. ബംഗളൂരുവിലും അയൽ സംസ്ഥാനങ്ങളിലും കോവിഡ് കൂടുകയാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ളവരെ സ്കൂളുകളിലേക്ക് വിടരുതെന്ന് അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
ജലദോഷം, ചുമ, പനി, ശരീരവേദന, വയർ സംബന്ധമായ പ്രശ്നങ്ങളുള്ളവരെ സ്കൂളുകളിൽ വിടരുത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ ആരോഗ്യബുള്ളറ്റിൻ പ്രകാരം ഈ ദിവസങ്ങളിൽ ബംഗളൂരുവിൽ ആകെയുണ്ടായ രോഗികൾ 2533 ആണ്. 340 കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 237 പേർ 10 മുതൽ 19 വയസ്സിനിടയിലുള്ളവരാണ്. അതേസമയം, ഈ പ്രായക്കാരിൽ ആശുപത്രിവാസവും മരണവും കൂടിയിട്ടില്ല. പേടിക്കേണ്ട കാര്യമില്ലെന്നും സ്കൂൾ അടക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.
രോഗബാധയുണ്ടാകുന്ന ഭൂരിഭാഗം കുട്ടികളും അടുത്തിടെ മഹാരാഷ്ട്രയിലേക്കോ തമിഴ്നാട്ടിലേക്കോ യാത്ര പോയവരാണ്. ഇവരുടെ രോഗലക്ഷണങ്ങൾ നേരിയതാണ്. ഇവരുടെ ക്ലാസ് റൂമുകൾ അടക്കുകയോ നാലോ അഞ്ചോ ദിവസം സമ്പർക്കവിലക്കിൽ ആവുകയോ ചെയ്താൽ പ്രയാസം നീങ്ങുന്ന സാഹചര്യമാണുള്ളത്. പേടിക്കേണ്ട അവസ്ഥയില്ലെന്നും ജയനഗർ ആശുപത്രിയിലെ ഡോ. ടി. ഗോപീകൃഷ്ണ പറയുന്നു.
അതേസമയം, ഹോസ്റ്റലിലെ ചില കുട്ടികൾക്ക് രോഗബാധ ഉണ്ടായതോടെ ചില സ്കൂളുകൾ 11ാം ക്ലാസും 12ാം ക്ലാസും പുനരാരംഭിക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്. 12ാം ക്ലാസ് ഓൺലൈനിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇത് താൽക്കാലിക നടപടികൾ മാത്രമാണെന്ന് കനകപുരയിലെ സ്കൂൾ അധികൃതർ പറഞ്ഞു.
കുട്ടികളിൽ ഇപ്പോഴും കോവിഡ് നിരക്ക് ഏറെ താഴെയാണെന്ന് ബി.ബി.എം.പി സ്‍പെഷൽ കമീഷണർ (ആരോഗ്യം) ഡോ. കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു. സ്കൂളുകളിൽ ഇതുവരെ ക്ലസ്റ്ററുകൾ ഉണ്ടാക്കേണ്ട സാഹചര്യം വന്നിട്ടില്ല. അതിനാൽ പേടിക്കേണ്ട അവസ്ഥയില്ല. പരിശോധന കൂട്ടുന്നുണ്ട്. എന്നാൽ, വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഉറപ്പുവരുത്തണം. വാക്സിൻ എടുക്കാത്തവർ ഉടൻ എടുക്കണം. അവസാന ഡോസ് എടുക്കാൻ ബാക്കിയുള്ളവർ അത് എടുത്തുവെന്ന് ഉറപ്പാക്കുകയും വേണം.
കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ വരുംദിനങ്ങളിൽ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, പേടിക്കേണ്ട സാഹചര്യമില്ല. പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) എല്ലാ ജില്ലകളിലെയും അധികൃതരുമായി കോവിഡ് സാഹചര്യം ചർച്ചചെയ്യുന്നുണ്ട്. അതിനിടെ ബംഗളൂരു നഗരത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാർ തീരുമാനം വരുന്നതുവരെ മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.