വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് മൂന്നാംതരംഗത്തിന്‍റെ ആദ്യ സൂചനയാകാമെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗം തീവ്രമായി ബാധിക്കാത്ത സംസ്ഥാനങ്ങളിൽ പോലും കോവിഡ് കേസുകൾ വർധിക്കുന്ന പ്രവണതയാെണന്നും ഇത് മൂന്നാംതരംഗത്തിന്‍റെ ആദ്യ ലക്ഷണമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) എപിഡമോളജി ആൻഡ് കമ്യൂണിക്കബ്ൾ ഡിസീസസ് മേധാവി ഡോ. സമീറൻ പാണ്ഡ. കോവിഡ് വ്യാപനം വിലയിരുത്തുേമ്പാൾ ഇന്ത്യയെ മൊത്തമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഓരോ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമാണെന്നും പാണ്ഡ പറഞ്ഞു. കോവിഡിന്‍റെ മൂന്നാംതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം.
'ഡൽഹിയിൽനിന്നും മഹാരാഷ്ട്രയിൽനിന്നും പാഠം ഉൾക്കൊണ്ട് നിരവധി സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വാക്സിനേഷൻ വർധിപ്പിക്കാനും തുടങ്ങി. നിരവധി സംസ്ഥാനങ്ങളിൽ കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമായിരുന്നില്ല, എന്നാൽ ഇവിടെ മൂന്നാംതരംഗത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല. അതിനാൽ ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നു' -പാണ്ഡ പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളുടെയും ഇപ്പോഴത്തെ കോവിഡ് കേസുകൾ പരിശോധിക്കണം. കൂടാതെ ഒന്ന്, രണ്ട് തരംഗങ്ങളുടെ തീവ്രത പരിശോധിക്കണം. ഇതിൽനിന്ന് മൂന്നാം തരംഗത്തെയും അതിന്‍റെ തീവ്രതയെയും മനസിലാക്കാനാകുമെന്നും േഡാക്ടർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചിരുന്നു. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയായാണ് വിദഗ്ധർ കാണുന്നത്.
സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കുന്നതിന് തീരുമാനം എടുക്കുന്നുണ്ട്. സ്കൂളുകൾ തുറക്കുന്നതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ദേശീയതലത്തിൽ സംഘടിപ്പിച്ച സീറോ സർവേയിൽ 50 ശതമാനത്തിലധികം കുട്ടികൾക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇത് മുതിർന്നവരേക്കാൾ അൽപ്പം കുറവ് മാത്രമാണ്. അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ തുറക്കുന്നത് സുരക്ഷിതമായ അന്തരീക്ഷത്തിലാണോയെന്ന് ഉറപ്പുവരുത്തണം. അധ്യാപകർ, മാതാപിതാക്കൾ, ജീവനക്കാർ, ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ എല്ലാവരും വാക്സിൻ സ്വീകരിക്കണം. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുന്നതിൽ സുരക്ഷ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, കോവിഡ് രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കാൻ ആലോചിക്കുേമ്പാൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.