കാർഡിയോ കെയർ കാമ്പയിനുമായി റിയാദ മെഡിക്കൽ സെന്റർ
text_fieldsദോഹ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന സമഗ്രമായ കാർഡിയോ കെയർ പദ്ധതിയുമായി റിയാദ മെഡിക്കൽ സെന്റർ. കാമ്പയിൻ ഭാഗമായി നിരവധി ഹൃദയാരോഗ്യ ബോധവത്കരണ സെഷനുകളും പ്രവർത്തനങ്ങളും നടത്തുമെന്ന് റിയാദ മെഡിക്കൽ സെന്റർ മാനേജ്മെന്റ് അറിയിച്ചു.
റിയാദ മെഡിക്കൽ സെന്റർ എല്ലാവർക്കും താങ്ങാനാവുന്നതും ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള വിവിധ പദ്ധതികളാണ് ഇതിനകം ജനങ്ങൾക്കു പരിചയപ്പെടുത്തിയിട്ടുള്ളത്. അതിന്റെ തുടർച്ചയെന്നോണമാണ് പുതിയ ‘കാർഡിയോ കെയർ’ കാമ്പയിൻ. റിയാദ മെഡിക്കൽ സെന്ററിൽ നടന്ന കാർഡിയോ കെയർ കാമ്പയിൻ ഉദ്ഘാടനം മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ബിഷ്ണു കിരൺ രാജേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
പുതിയ ‘കാർഡിയോ കെയർ’ കാമ്പയിന്റെ ഭാഗമായി രണ്ട് പാക്കേജുകളാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഹൃദയസംബന്ധിയായ നിരവധി ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും ഡോക്ടർ കൺസൽട്ടേഷനും ഇതിൽ പെടുന്നു. 499 ഖത്തർ റിയാൽ ചെലവ് വരുന്ന ഹാർട്ട് പ്രൈം പാക്കേജിൽ എക്കോ കാർഡിയോഗ്രാം, ഇ.സി.ജി, സി.ബി.സി, ലിപിഡ് പ്രൊഫൈൽ ടെസ്റ്റുകൾക്കു പുറമെ കാർഡിയോളജി കൺസൽട്ടേഷനും ഉൾപ്പെടുന്നു. 999 ഖത്തർ റിയാൽ ചെലവ് വരുന്ന ഹാർട്ട് കെയർ പ്ലസ് പാക്കേജിൽ എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ സ്ട്രെസ് ടെസ്റ്റ്, ഇ.സി.ജി, സി.ബി.സി, ബ്ലഡ് ഷുഗർ, എച്ച്.ബി.എ വൺ സി, ലിപിഡ് പ്രൊഫൈൽ ടെസ്റ്റുകൾക്കു പുറമെ കാർഡിയോളജി കൺസൽട്ടേഷനും ഉൾപ്പെടുന്നതാണ്.
സീനിയർ കാർഡിയോളജി സ്പെഷലിസ്റ്റ് ഡോ. ബിഷ്ണു കിരൺ രാജേന്ദ്രനാണ് റിയാദ മെഡിക്കൽ സെന്ററിൽ കാർഡിയോളജി വിഭാഗത്തിനു നേതൃത്വം നൽകുന്നത്. ഈ മേഖലയിൽ വിപുലമായ അനുഭവപരിചയവും യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ഇന്റർനാഷനൽ അസോസിയറ്റ് ഫെലോയുമാണ് അദ്ദേഹം. ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററാണ് റിയാദ മെഡിക്കൽ സെന്റർ.
15ലധികം ഡിപ്പാർട്മെന്റുകളുള്ള റിയാദ മെഡിക്കൽ സെന്ററിൽ റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഫിസിയോതെറപ്പി, ഒപ്റ്റിക്കൽസ് സേവനങ്ങളും ലഭ്യമാണ്. സി റിങ് റോഡിൽ ഹോളിഡേ വില്ല സിലിനു സമീപമുള്ള റിയാദ മെഡിക്കൽ സെന്റർ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 12വരെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശാലമായ കാർ പാർക്കിങ് സൗകര്യവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.