സൗദി:ആരോഗ്യ ഇൻഷുറൻസിന്റെ ആൾമാറാട്ട ദുരുപയോഗം; കാത്തിരിക്കുന്നത് ഗുരുതരമായ നിയമക്കുരുക്ക്
text_fieldsറിയാദ്: ആൾമാറാട്ടം നടത്തി ആരോഗ്യ ഇൻഷുറൻസ് ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ നിയമക്കുരുക്കെന്ന് മുന്നറിയിപ്പ്. വ്യക്തിപരമായ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് കൗൺസിൽ ഓഫ് കോഓപറേറ്റിവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ), ഇൻഷുറൻസ് കമ്പനികൾ മുഖേന അനുവദിക്കുന്ന പോളിസികൾ സ്വന്തം ആവശ്യങ്ങൾക്കല്ലാതെ മറ്റുള്ളവർക്ക് ചികിത്സ നേടുന്നതിനോ മരുന്ന് വാങ്ങുന്നതിനോ ഉപയോഗിച്ചാൽ ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾ നേരിടും.
നിലവിൽ രോഗികളുടെ രോഗവിവരങ്ങളും ചികിത്സയും ചെറിയ ക്ലിനിക്കുകൾ മുതൽ വലിയ ആശുപത്രികൾ വരെ സൗദിയിൽ ഡിജിറ്റൽ രേഖയായാണ് സൂക്ഷിക്കുന്നത്. ഈ രേഖകളെല്ലാം സി.സി.എച്ച്.ഐയുടെ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. സമീപഭാവിയിൽ തന്നെ ഇത് മന്ത്രാലയവുമായും ബന്ധിപ്പിക്കും. രാജ്യത്തിനകത്ത് എവിടെ ചികിത്സ തേടിയാലും ഇഖാമ നമ്പറിൽ രോഗവിവരവും പരിശോധനകളുടെ റിസൾട്ടും ചികിത്സയും രേഖപ്പെടുത്തും.
ഒരാളുടെ പേരിൽ അനുവദിച്ച പോളിസി അയാളല്ലാതെ മറ്റൊരാൾ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന ആൾക്കുണ്ടാകുന്ന രോഗവും പരിശോധനയുമെല്ലാം പോളിസി ഉടമയുടെ പേരിൽ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ടാവും. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, ആസ്മ തുടങ്ങി ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്കാണ് ആൾമാറാട്ടം നടത്തി ചികിത്സ നേടുന്നതെങ്കിൽ പോളിസി ഉടമയുടെ ഇൻഷുറൻസ് പുതുക്കുന്ന സമയത്ത് പ്രീമിയം വർധിക്കാനും അത് കാരണമാകും.
എന്നെങ്കിലും യഥാർഥ പോളിസിയുടമക്ക് ഇത്തരം രോഗങ്ങൾക്ക് ചികിത്സ തേടേണ്ടി വന്നാൽ ആശയക്കുഴപ്പമുണ്ടാകാനും ഇത് കാരണമാകും. തെളിവോടെ പിടിക്കപ്പെട്ടാൽ പിന്നീട് പോളിസി പുതുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായേക്കാം. സൗദി അറേബ്യയിലെ നിയമം അനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഇഖാമ പുതുക്കാൻ കഴിയാത്ത അവസ്ഥയും സംജാതമാകും. രാജ്യത്ത് തുടരാൻ നിയമതടസ്സമുള്ള വൈറസ് ബാധയുള്ളയാളുകൾ ആശുപത്രിയിലെത്തി ആൾമാറാട്ടം നടത്തി പിടിക്കപ്പെടാത്ത രീതിയിൽ ചികിത്സ തേടിയാൽ ഇഖാമ പുതുക്കാനോ ബലദിയ കാർഡ് എടുക്കാനോ കഴിയാതെ വലയുക രോഗബാധയൊന്നുമില്ലാത്ത പോളിസി ഉടമയായിരിക്കും. നിയമക്കുരുക്കിൽ അകപ്പെട്ടേക്കാവുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്നും മാറിനിൽക്കണമെന്ന് സാമൂഹികപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.