ഒമിക്രോണിന്‍റെ 'അടുത്ത ബന്ധു'വിനെ സൂക്ഷിക്കണമെന്ന് വിദഗ്ധർ; കേസുകൾ വർധിക്കുന്നു
text_fieldsകൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദമാണ് ലോകമാകെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് വഴിവെച്ചത്. മൂന്നാംതരംഗത്തിലെ 90 ശതമാനത്തിലേറെയും കേസുകളും ഒമിക്രോൺ ബാധിച്ചാണെന്നാണ് വിലയിരുത്തൽ. മൂന്നാംതരംഗം ആഞ്ഞടിച്ച യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ അതിന്‍റെ ഏറ്റവുമുയർന്ന തലത്തിലെത്തി നിൽക്കുകയാണ്. ഈ സാഹര്യത്തിൽ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2നെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ.
ബി.എ-1 വകഭേദമായി അറിയപ്പെടുന്ന ഒമിക്രോണിന്‍റെ അടുത്ത ബന്ധുവാണ് ബി.എ-2 വകഭേദം. യൂറോപ്പിലും ഏഷ്യയിലും ചിലയിടങ്ങളിൽ ബി.എ-2 ബാധയാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ആഗോളതലത്തിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 98.8 ശതമാനം കേസുകളും ഒമിക്രോൺ ബി.എ-1 ആണെന്ന് വൈറസ് ട്രാക്കിങ് ഡാറ്റാബേസായ GISAID പറയുന്നു. എന്നാൽ, ഏതാനും രാജ്യങ്ങളിൽ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2ഉം റിപ്പോർട്ട് ചെയ്യുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് കൂടാതെ ഒമിക്രോണിന് മറ്റ് രണ്ട് ഉപവകഭേദങ്ങൾ കൂടി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ബി.എ-1.1.529, ബി.എ-3 എന്നിവയാണ് അവ. വൈറസിന് ചെറിയ ജനിതക വകഭേദങ്ങൾ സംഭവിച്ചാണ് ഇവ രൂപാന്തരപ്പെട്ടത്.
വാഷിങ്ടണിലെ ഫ്രെഡ് ഹച്ചിസൺ കാൻസർ സെന്‍ററിലെ കംപ്യൂട്ടേഷണൽ വൈറോളജിസ്റ്റായ ട്രെവർ ബെഡ്ഫോഡിന്‍റെ അഭിപ്രായത്തിൽ ഡെന്മാർക്കിലെ കോവിഡ് കേസുകളിൽ 82 ശതമാനവും, യു.കെയിൽ ഒമ്പത് ശതമാനവും, യു.എസിൽ എട്ട് ശതമാനവും ബി.എ-2 വകഭേദമാണ്.
ഒമിക്രോണിനെക്കാൾ ഒന്നര ഇരട്ടിയിലേറെ വ്യാപനശേഷി കൂടുതലാണ് ബി.എ-2ന് എന്നാണ് ഡെന്മാർക്ക് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രാഥമിക വിവരങ്ങൾ വെച്ച് ഇത് സങ്കീർണമായ അസുഖാവസ്ഥക്ക് കാരണമാകുന്നില്ലെന്നും ഇവർ പറയുന്നു. വാക്സിനുകളെ ഈ ഉപവകഭേദം മറികടക്കുമോയെന്നത് സംബന്ധിച്ച് വിശദമായ വിവരം ലഭ്യമല്ല.
യു.കെയിൽ വീടുകൾക്കുള്ളിൽ വെച്ചുള്ള വൈറസ് വ്യാപനത്തിൽ ബി.എ-1നെക്കാൾ കൂടുതൽ ബി.എ-2 ആണെന്നാണ് നിഗമനം. ഒമിക്രോൺ ബി.എ-1 10.3 ശതമാനം വ്യാപനശേഷി കാണിക്കുമ്പോൾ ബി.എ-2ന് ഇത് 13.4 ശതമാനമാണ്.
ഒമിക്രോൺ (ബി.എ-1) ബാധിച്ചവർക്ക് ബി.എ-2ൽ നിന്ന് രക്ഷയുണ്ടാകുമോയെന്നതാണ് നിർണായകമായ ചോദ്യമെന്ന് ഷികാഗോയിലെ നോർത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി പഠനവിദഗ്ധനായ ഡോ. ഇഗോൺ ഓസർ പറയുന്നു. അതേസമയം തന്നെ ഡെന്മാർക്കിൽ ബി.എ-1 വ്യാപനം കൂടുതലുണ്ടായ മേഖലകളിൽ തന്നെയാണ് ബി.എ-2 വകഭേദവും കൂടുതലായി കണ്ടെത്തിയതെന്ന് ആശങ്കക്കിടയാക്കുന്നുണ്ട്. എന്നാൽ, വാക്സിനുകൾക്കും ബൂസ്റ്റർ ഡോസിനും ആളുകളെ മരണത്തിൽ നിന്നും ആശുപത്രി വാസത്തിൽ നിന്നും രക്ഷനൽകുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് ഇദ്ദേഹം പറയുന്നു.
നിലവിൽ ഇന്ത്യയിൽ ഈ ഉപവകഭേദം റിപ്പോർട്ട് ചെയ്യുകയോ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.