ശമനമില്ലാതെ ചെള്ളുപനി; ഒരുമാസത്തിനിടെ ആറുമരണം കൂടി
text_fieldsതിരുവനന്തപുരം: ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ചെള്ളുപനി (സ്ക്രബ് ടൈഫസ്) മരണങ്ങളിൽ ആശങ്ക കനക്കുന്നു. ഈമാസം ആറുപേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കഴിഞ്ഞ പത്തു മാസത്തിനിടെ 18 ജീവനുകളാണ് ചെള്ളുപനിയിൽ പൊലിഞ്ഞത്.
സമാന ലക്ഷണവുമായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരും രോഗബാധിതരും ഏറെയും കുട്ടികളും ചെറുപ്പക്കാരുമെന്നത് രോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ വർഷം ഇതുവരെ 519 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമാനലക്ഷണങ്ങളുമായി 100 പേർ ചികിത്സ തേടിയിട്ടുമുണ്ട്.
റിപ്പോർട്ട് ചെയ്യുന്ന 75 ശതമാനവും ചെള്ളുപനി തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നു. രോഗം വ്യാപകമാകുമ്പോഴും കൃത്യമായ കാരണം ഇനിയും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടില്ല. 'ഓറിയൻഷ്യ സുസുഗാമുഷി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ പകർച്ചവ്യാധി എന്നാണ് ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ളത്. എലി, അണ്ണാൻ, മുയൽ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്.മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കില്ല. തലസ്ഥാന ജില്ലയിലുൾപ്പെടെ ചെള്ളുപനി മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രത്യേക സംഘം മരണമടഞ്ഞവരുടെ വീടും പരിസരവും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ആരോഗ്യവകുപ്പ് ഈ നിർദേശം നൽകിയത്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ മരണങ്ങൾ കുത്തനെ ഉയർന്നിട്ടും റിപ്പോർട്ട് സംബന്ധിച്ചോ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചോ ഒരു വിവരവും പറുത്തുവന്നിട്ടില്ല.
ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ചിഗ്ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകും. കടിച്ചഭാഗം ആദ്യം ചെറിയ ചുവന്ന തടിച്ച പാടാകും. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശിവേദന, വരണ്ടചുമ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയെത്തയും ബാധിക്കുന്ന തരത്തിൽ സങ്കീർണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.