കോവിഡ് സ്വയം പരിശോധിക്കാം; കിറ്റിന് െഎ.സി.എം.ആർ അംഗീകാരം
text_fieldsന്യൂഡൽഹി: കോവിഡ് സ്വയം കണ്ടെത്താൻ കഴിയുന്ന റാപ്പിഡ് ആൻറിജൻ പരിശോധനാ കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) അംഗീകാരം നൽകി. പുണെയിലെ മൈലാബ് ഡിസ്കവറി സൊലൂഷൻസാണ് 250 രൂപ വിലവരുന്ന കൊവിസെൽഫ് ടി.എം എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചത്.
മൂക്കിൽനിന്ന് സ്രവം എടുക്കുന്നതിനുള്ള നാസൽ സ്വാബ്, ടെസ്റ്റ് കാർഡ് അടക്കം സാമഗ്രികളും ഉപയോഗിക്കേണ്ടതെങ്ങനെയെന്ന വിവരങ്ങളും ഉപയോഗശേഷം കളയാനുള്ള പ്ലാസ്റ്റിക് ബാഗും ഉൾപ്പെടുന്നതാണ് കിറ്റ്. ഫലമറിയാൻ 15 മിനിറ്റ് എടുക്കും. മൈലാബ് കൊവിസെൽഫ് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തശേഷം വേണം കിറ്റ് ഉപയോഗിക്കാൻ.
പോസിറ്റിവായാൽ ആർ.ടി.പി.സി.ആർ പരിശോധന വേണ്ട. നെഗറ്റിവായവർ ആർടി.പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. ടെസ്റ്റ് കാർഡിലെ കൺട്രോൾ (സി) എന്ന ഭാഗത്ത് ബാർ (വര) അടയാളം വന്നാൽ ഫലം നെഗറ്റിവും ടെസ്റ്റ് (ടി) എന്ന ഭാഗത്ത് ബാർ വന്നാൽ ഫലം പോസിറ്റിവും ആയിരിക്കും.
പോസിറ്റിവായവർക്ക് ടെസ്റ്റ് കാർഡിെൻറ ഫോട്ടോ എടുത്ത് ആപ്പിലൂടെ അപ്ലോഡ് ചെയ്ത് ഐ.സി.എം.ആറിനെ നേരിട്ട് ഫലം അറിയിക്കാം. തുടർന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാകും. വിവരങ്ങൾ ടെസ്റ്റിങ് പോർട്ടലിലെ സെർവറിലേക്കാണ് പോകുന്നതെന്നും പൂർണ സുരക്ഷിതമായിരിക്കുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും മാത്രം കിറ്റ് ഉപയോഗിക്കണമെന്നും ഐ.സി.എം.ആർ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച മുതൽ കിറ്റ് ലഭ്യമാകുമെന്ന് മൈലാബ് ഡയറക്ടർ അറിയിച്ചു. രാജ്യത്ത് ആദ്യമായി ആർ.ടി.പി.സി.ആർ കിറ്റ് വികസിപ്പിച്ചത് മൈലാബാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.