ഡോസിന് 600 രൂപ; കോവിഷീൽഡിന് ഇന്ത്യയിൽ ലോകത്തെ ഏറ്റവും ഉയർന്ന വില
text_fieldsന്യൂഡൽഹി: കോവിഷീൽഡ് വാക്സിനു വേണ്ടി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഓക്‌സ്‌ഫഡ് സർവകലാശാലയും അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില 600 രൂപയാണ്. വാക്സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയാണിതെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
മെയ് 1 മുതലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 600 രൂപ നിരക്കിൽ സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസ് വാക്സിൻ നൽകുന്നത്. സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലും നൽകും. എന്നാൽ യു.എസ്, ബ്രിട്ടൻ, യൂറോപ്യന്‍ യൂനിയൻ എന്നിവ അസ്ട്രസെനെക്കയില്‍നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്ന വിലയേക്കാള്‍ ഈ 400 രൂപ നിരക്കും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനായി 160 മുതൽ 270 രൂപ മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ നൽകുന്നത്.
400 രൂപ നിരക്കിൽ ഓരോ പൗരനും വാക്സിൻ നൽകാനാവില്ലെന്ന് സംസ്ഥാനങ്ങൾ തീരുമാനിച്ചാൽ വാക്സിനെടുക്കുന്നവർ തന്നെ വഹിക്കേണ്ടിവരും. എന്നുവെച്ചാൽ, ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സിൻ ലോകത്തെ മറ്റു രാഷ്ട്രങ്ങൾ നൽകുന്നതിനെക്കാൾ കൂടിയ നിരക്കിൽ ഇന്ത്യക്കാർ വാങ്ങണമെന്നു സാരം.
മിക്ക ലോക രാജ്യങ്ങളും വാക്സിൻ സൗജന്യമായാണ് നൽകുന്നത്. നിലവിൽ ഇന്ത്യയിലും സൗജന്യമാണ്. ആസ്ട്ര സെനക്കയും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ച വാക്സിൻ പ്രത്യേക ലൈസൻസ് പ്രകാരമാണ് ഇന്ത്യയിൽ നിർമിക്കുന്നത്. നിർമാണത്തിന് അഡ്വാൻസ് തുകയായി കേന്ദ്രം 3,000 കോടി നൽകിയിരുന്നു. ഇതിന് പ്രത്യുപകാരമായാണ് 150 രൂപ നിരക്കിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് വാക്സിൻ നൽകുക. 3000 കോടി പൂർത്തിയായാൽ പിന്നീടുള്ള ഡോസുകൾക്ക് ഇതേ നിരക്കാകില്ല ഈടാക്കുകയെന്നും സൂചനയുണ്ട്.
യൂറോപ്യൻ യൂനിയൻ ആസ്ട്ര സെനകക്ക് 39.9 കോടി ഡോളർ നൽകിയിരുന്നു. 40 കോടി ഡോസ് വാക്സിൻ നൽകണമെന്നാണ് കരാർ. നേരത്തെ പണം നൽകിയ ബ്രിട്ടന് മൂന്നു ഡോളർ (225 രൂപ) നിരക്കിലാണ് മരുന്നു നൽകുക.
അതേ സമയം, സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വിതരണത്തിന്‍റെ ഒന്നാം ഘട്ടം കഴിഞ്ഞാൽ വിപണിയിൽ ഡോസിന് 1,000 രൂപ നിരക്കിൽ വിൽക്കാനും തീരുമാനമെടുത്തതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനവാലയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.