ഏഴുപേർക്ക്കൂടി ഡെങ്കി, 25 പേർക്ക് രോഗലക്ഷണം
text_fieldsകൊല്ലം: ഇടവിട്ട് പെയ്യുന്ന മഴക്കൊപ്പം ജില്ലയിൽ പനിബാധിതരും കൂടുന്നു. കഴിഞ്ഞദിവസം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് 368 പേർ ചികിത്സ തേടി. കടുത്ത പനിയുള്ള 12 പേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലാണ്. ഏഴുപേർക്ക് െഡങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയ 25 പേരുടെ സാമ്പ്ൾ പരിശോധനക്കയച്ചു. തഴവ, മൈനാഗപ്പള്ളി, ഓച്ചിറ, തെക്കുംഭാഗം, വള്ളിക്കാവ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ കൊതുകുനശീകരണമടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
കൊല്ലം: കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.എസ്. ഷിനു അറിയിച്ചു. പനിയോടൊപ്പം തലവേദന, കണ്ണിനുപിറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം.
തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില് തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുകുവലക്കുള്ളില്‍ ആയിരിക്കണം.
ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈഡിസ് കൊതുകുകള്‍ വീട്ടിനകത്തും സമീപവുമാണ് പ്രജനനം നടത്തുന്നത്. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.