ദന്താരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം
text_fieldsദിനചര്യകളിലും ആഹാരക്രമത്തിലും മാറ്റംവരുന്ന കാലമാണ് റമദാൻ. ആരോഗ്യം ക്ഷയിക്കാതെ ശ്രദ്ധിക്കേണ്ട ഒരു മാസംകൂടിയാണ് ഇത്. ദന്താരോഗ്യത്തിന്റെ കാര്യത്തിലും റമദാനിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
നമ്മുടെ പൊതുവായ ആരോഗ്യം നിലനിർത്തുന്നതിന് വിവിധ ഘടകങ്ങളിൽ സുപ്രധാനമായ സ്ഥാനം വായുടെ ആരോഗ്യസംരക്ഷണത്തിനുണ്ട്. ശരീരത്തിലേക്കുള്ള കവാടം എന്നാണ് വായ് വിശേഷിപ്പിക്കപ്പെടുന്നത്. പകൽ മുഴുവൻ അന്നപാനീയങ്ങൾ വർജിക്കുന്നതിനാൽ നോമ്പെടുക്കുന്നവർ നിർജലീകരണം സംഭവിക്കാതെ നോക്കുക എന്നത് പ്രധാനമാണ്. നിർജലീകരണം ഉമിനീരിന്റെ അളവ് കുറക്കുകയും വായിലെ സ്വാഭാവിക ക്ലെൻസിങ് നടക്കാതിരിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത് ബാക്ടീരിയകളുടെ വളർച്ച വായ്ക്കകത്തു ത്വരിതപ്പെടുത്തും.
വായ്നാറ്റം, പല്ലുകളിൽ പോട് എന്നിവക്കും മോണരോഗങ്ങൾക്കും ഇത് കാരണമാകാം. നോമ്പ് തുറന്ന ഉടനെ ധാരാളം ശുദ്ധജലം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക, മധുരം, ഉപ്പ്, അമിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം, കഫീൻ അടങ്ങിയതും സോഡാ പോലുള്ളതുമായ പാനീയങ്ങൾ എന്നിവ വർജിക്കുക എന്നിവയെല്ലാം നിർജലീകരണം കുറക്കാൻ സഹായിക്കും.
ഇഫ്താറിനും സുഹൂറിനും ഭക്ഷണം കഴിച്ചുകഴിഞ്ഞ് പല്ലുകളും നാക്കും ബ്രഷ് ചെയ്യണം. പകൽ സമയത്ത് വുളു എടുക്കുന്നതിനു പുറമേ മറ്റു സമയങ്ങളിലും വായ് വെള്ളംകൊണ്ട് കുലുക്കുഴിഞ്ഞു കഴുകുന്നത് നല്ലതാണ്. പ്രമേഹരോഗികളിൽ മോണരോഗസാധ്യത കൂടുതലായതിനാൽ ദിവസവും രണ്ടു നേരം ക്ലോർഹെക്സിഡിൻ മൗത്ത് വാഷ് ഉപയോഗിക്കുന്നത് ഗുണംചെയ്യും. ചോക്ലറ്റ്, ചീസ്, മറ്റു സ്റ്റിക്കിയായ ഭക്ഷണ പദാർഥങ്ങൾ കഴിവതും ഒഴിവാക്കാം.
ഊരിമാറ്റാവുന്ന വെപ്പുപല്ലുകളുള്ളവർ നോമ്പു തുറക്കും അത്താഴത്തിനുംശേഷം അവ ബ്രഷ് ചെയ്തു വൃത്തിയാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുതിർന്നവരെപ്പോലെ കുട്ടികളും ഈ കാര്യങ്ങളിൽ ശ്രദ്ധ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.