തോൾസന്ധി വേദന: കാരണങ്ങൾ പലതാകാം
text_fieldsതോൾസന്ധിയുടെ വേദന കൈകളുടെ ചലനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്. കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ദൈനംദിന കാര്യങ്ങൾപോലും പ്രയാസത്തിലാക്കുന്ന അവസ്ഥയാണിത്. വിവിധ കാരണങ്ങൾകൊണ്ട് തോൾ സന്ധി വേദന അനുഭവപ്പെടാറുണ്ട്. ചിലരിൽ തോൾ സന്ധിയിലെ പ്രശ്നം കാരണമാകാം വേദന അനുഭവപ്പെടുന്നത്. എന്നാൽ, കഴുത്തിലെ തേയ്മാനം, ഡിസ്ക് തെറ്റൽ, കഴുത്തിലെ ഞരമ്പുകൾക്ക് അമിത സമ്മർദമേൽക്കുക തുടങ്ങിയ കാരണങ്ങളും തോൾ സന്ധി വേദനക്ക് വഴിയൊരുക്കും. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ചില ഘട്ടങ്ങളിൽ തോൾ സന്ധിയുടെ ഭാഗത്ത് വേദന രൂപപ്പെടും.
തോൾ സന്ധിയിലെ പലതരത്തിലുള്ള പരിക്കുകൾമൂലം തോൾ സന്ധിയിൽ വേദനയുണ്ടാകാം. കുഴ തെന്നിമാറുന്നത് മൂലമോ, ഇളക്കം സംഭവിക്കുന്നതിനാലോ വേദന വരാം. ഇവിടെയുള്ള പേശികൾക്കോ ഞരമ്പുകൾക്കോ ഏതെങ്കിലും വിധത്തിലുള്ള പരിക്കുകൾ സംഭവിക്കുന്നതു മൂലവും തോൾ സന്ധിയിൽ വേദന അനുഭവപ്പെടാം. പരിക്കുകളെ തുടർന്ന് ഈ ഭാഗം ചലിപ്പിക്കാതെ വെക്കുന്നത് മൂലവും വാത സംബന്ധമായ പ്രശ്നങ്ങൾ, വീക്കം, അണുബാധ തുടങ്ങിയവ മൂലവും തോൾ സന്ധിയുടെ ഭാഗങ്ങളിൽവേദനയുണ്ടാകാം. ചിലരിൽ സന്ധികളെ ബാധിക്കുന്ന ട്യൂബർക്കുലോസിസും തോൾ സന്ധി വേദനക്ക് വഴിവെക്കാം.
തോൾ സന്ധി വേദന അനുഭവപ്പെടുന്ന മിക്കവരിലും സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് ഫ്രോസൻ ഷോൾഡർ (Adhesive capsulitise). മധ്യവയസ്കരിലാണ് ഇത് കൂടുതലായി കാണുന്നത്. സാധാരണ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവരിൽ ഈ അവസ്ഥക്കുള്ള സാധ്യത കൂടുതലാകാം. ഈ രോഗികളിൽ വേദന കാരണം തോൾ സന്ധിയുടെ ചലനം കുറയുന്ന ഘട്ടത്തിലൂടെ പലരും കടന്നുപോകാറുണ്ട്. തോൾ സന്ധി ഉറച്ചുപോകുന്നതിനാൽ സുഗമമായ ചലനം പ്രയാസത്തിലാകുന്നതാണ് ഈ അവസ്ഥ.
കിടക്കുന്ന സമയത്ത് തോൾ സന്ധിയിൽ അസ്സഹനീയമായ വേദന അനുഭവപ്പെടുന്നു. വേദന കാരണം ക്രമേണ തോൾ സന്ധിയുടെ ചലനം കുറയുന്ന അവസ്ഥയുമുണ്ടാകാം.
ഫിസിയോ തെറപ്പി ചികിത്സ വളരെയധികം ഫലപ്രദമാണ്. ഇത് ഫലപ്രദമല്ലാത്ത സാഹചര്യങ്ങളിൽ ചില രോഗികൾക്ക് സ്റ്റിറോയ്ഡ് ഇൻജക്ഷൻ നിർദേശിക്കാറുണ്ട്. അപൂർവമായി താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ കുഴകളുടെ ചലനം വീണ്ടെടുക്കാറുണ്ട്. മറ്റ് ചികിത്സ രീതികൾ ഫലിച്ചില്ലെങ്കിൽ മാത്രമാണ് ഈ ശസ്ത്രക്രിയക്ക് രോഗികളെ വിധേയരാക്കുന്നത്. തോൾ സന്ധി ഗുരുതരമായ രീതിയിൽ ഉറച്ചുപോയവരെയാണ് ഇതിന് വിധേയമാക്കുന്നത്. തോൾ സന്ധിയെ ബാധിക്കുന്ന വാതസംബന്ധമായ അസുഖങ്ങളുള്ളവർ കൃത്യമായി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ തോൾ സന്ധിയുടെ ചലനം പൂർണമായി നഷ്ടമാക്കിയേക്കാം. ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ ഗുണം ചെയ്യും. ചികിത്സയോടൊപ്പം നിശ്ചിത മരുന്നുകളും കഴിക്കേണ്ടത് പ്രധാനമാണ്. വേദനയുടെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി എം.ആർ.ഐ, എക്സ്-റേ തുടങ്ങിയവ ഉപയോഗപ്പെടുത്താം.
പേശികളിൽ പരിക്കുകൾ
തോൾ സന്ധിയുടെ ഭാഗത്തുള്ള പേശികളിൽ പൊട്ടലോ വിള്ളലോ സംഭവിക്കുന്നത് മൂലവും വേദനയുണ്ടാകാം. തോൾ ഭാഗം ഇടിച്ചു വീഴുകയോ, ശക്തിയിൽ കൈ വീശുകയോ, ഇടിക്കുകയോ ചെയ്യുമ്പോൾ പേശികളിൽ പരിക്കുകൾ സംഭവിക്കാം. ചിലരിൽ പേശികളിൽ തേയ്മാനം സംഭവിക്കുന്നത് മൂലവും തോൾ സന്ധി വേദന അനുഭവപ്പെടാം.
മധ്യവയസ്കരിലും വയോജനങ്ങളിലും ഈ അവസ്ഥ കൂടുതലാണ്. തോൾ സന്ധി ചലിപ്പിക്കുന്ന സമയത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് വേദന കഠിനമാകും. വേദന മൂലം പതിവായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകാം.
പേശികളുടെ ഭാഗത്ത് പൊട്ടലുകളോ സമാനമായ പരിക്കുകളോ ഉണ്ടെങ്കിൽ വേദന അതി തീവ്രമായ രീതിയിൽ അനുഭവപ്പെടുന്നു. കൈകൾ തളർന്നു പോയതു പോലെ രോഗിക്ക് അനുഭവപ്പെടാം. താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി പേശികളിൽ സംഭവിച്ച പൊട്ടലുകൾ പരിഹരിക്കാൻ സാധിക്കും.
പ്രശ്നം കഴുത്തിൽ, വേദന തോൾസന്ധിയിൽ
കഴുത്തിലെ സൂക്ഷ്മ നാഡികളിൽനിന്ന് കൈപ്പത്തി വരെ ഞരമ്പുകൾ വ്യാപിച്ചു കിടക്കുന്നുണ്ട്. കഴുത്തിന്റെ ഭാഗത്തുള്ള ഈ ഞരമ്പുകളിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ തോൾ സന്ധിയിലെ ഭാഗത്ത് വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. വേദനയുടെ കാരണം കഴുത്തിലെ ഞരമ്പുകളിൽ ആയതിനാൽ ചികിത്സ നൽകേണ്ടേതും ഇവിടെയാണ്.
വേദന അനുഭവപ്പെടുന്ന തോൾ സന്ധിയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ചികിത്സ നൽകുന്നത് ഫലം ചെയ്യില്ല. എന്നാൽ, പ്രത്യക്ഷത്തിൽ തോൾ സന്ധിയിലെ പ്രശ്നം മൂലമാണ് വേദന അനുഭവപ്പെടുന്നതെന്ന് രോഗികൾ അനുമാനിക്കാറുണ്ട്. അത്തരത്തിൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ പല തരത്തിലുള്ള പ്രശ്നങ്ങൾ തോൾ സന്ധിയിലെ വേദന രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചികിത്സ തുടങ്ങും മുമ്പ് രോഗിയെ ഇക്കാര്യം ബോധ്യപ്പെടുത്തുകയെന്നത് പ്രധാനമാണ്. റെഫർഡ് പെയിൻ എന്നാണ് ഇത് സാധാരണ അറിയപ്പെടുന്നത്. ഇത്തരത്തിൽ കരൾ, പിത്ത സഞ്ചി തുടങ്ങിയവയെ ബാധിക്കുന്ന വീക്കം, നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ മൂലം തോൾസന്ധിയിൽ വേദന അനുഭവപ്പെടാം. എന്നാൽ, ഇത് വളരെ സാധാരണമല്ല. പ്രധാന ചികിത്സ തുടങ്ങുന്നതിനു മുമ്പ് ഇത് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ചികിത്സയോടൊപ്പം ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. തോൾ സന്ധി ഉപയോഗിച്ചുള്ള പ്രവൃത്തികൾ വളരെ ശ്രദ്ധയോടെ മാത്രം ചെയ്യേണ്ടതുണ്ട്. തോൾ സന്ധിയുടെ ഉപയോഗം ആരോഗ്യകരമായ രീതിയിൽ ക്രമീകരിക്കുന്നതിലൂടെ വേദന കുറക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.