സ്ലീപ്മാക്സിങ്; ഈ പേര് കേട്ട് ഇനി ഉറക്കം കളയേണ്ട
text_fieldsകാലിനടിയിൽ മഗ്നീഷ്യം ഓയിൽ പുരട്ടുന്നതു മുതൽ കിടപ്പുമുറിയിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മാറ്റി വെക്കുക വരെയുള്ള വിവിധ വിദ്യകളിലൂടെ ഉറക്കത്തിന്റെ ഗുണവും സമയവും കൂട്ടുന്നത് വരെ ട്രെൻഡായിരിക്കുകയാണിന്ന്. സമൂഹമാധ്യമങ്ങളിൽ ‘‘സ്ലീപ്മാക്സിങ് (sleepmaxxing) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ‘ഉറക്കവർധനികൾ’ എത്ര മാത്രം ഫലപ്രദമാണെന്ന് വിദഗ്ധർ വിലയിരുത്തുകയാണ്. സൂര്യാസ്തമയത്തിനുശേഷം അധികം വൈകാതെ വീട്ടിലെ ലൈറ്റണക്കുക തുടങ്ങി നിരവധി സ്ലീപ്മാക്സിങ് വിദ്യകൾ പ്രചാരത്തിലുണ്ട്.
ശാസ്ത്രീയമാണോ?
ഡൽഹി സി.കെ ബിർല ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. വികാസ് മിത്തലിന്റെ അഭിപ്രായത്തിൽ സ്ലീപ്മാക്സിങ്ങിന് കൃത്യമായ ശാസ്ത്രീയ അടത്തറയില്ലെന്നാണ്. ‘‘വർഷങ്ങളായി ഉറക്ക വിദഗ്ധർ ഉപദേശിക്കുന്ന ഉറക്ക ശുചിത്വ ശീലങ്ങൾ തന്നെ പുനരവതരിപ്പിച്ചതാണ് ഇതിൽ പലതും. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ നിലനിർത്തുക, വൈകുന്നേരങ്ങളിൽ ബ്ലൂലൈറ്റ് (ഗാഡ്ജറ്റുകളിൽ നിന്നുള്ള വെളിച്ചം) അധികം ഏറ്റുവാങ്ങാതിരിക്കുക, ഉറക്ക ഹോർമോൺ എന്നറിയപ്പെടുന്ന മെലാറ്റോണിൻ നില സന്തുലിതിമായി നിലനിർത്തുക തുടങ്ങിയ വിദ്യകൾ തന്നെയാണ് ഇപ്പോൾ പറയുന്ന സ്ലീപ്മാക്സിങ്ങും’’ -ഡോ. മിത്തൽ പറയുന്നു. ഇപ്പറഞ്ഞ ശീലങ്ങളെല്ലാം തന്നെ ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർച്ച ചക്രത്തെ നിയന്ത്രിച്ച്, ശാന്തസുന്ദരമായ ഉറക്കം സമ്മാനിക്കുന്നതും അതിന്റെ ഊർജം പകൽ സമയം നൽകുന്നതുമാണ്.
സ്ലീപ്മാക്സിങ്ങിൽ എന്തെല്ലാം
സൂപ്പർ ഉറക്കത്തിനും ഉന്മേഷത്തിനുമായി പുതിയ തലമുറയുടെ ഷോർട്ട് കട്ടായ സ്ലീപ്മാക്സിങ്ങിൽ ചില കാര്യങ്ങൾക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്നും എന്നാൽ മറ്റു ചില വിദ്യകൾ ട്രെൻഡിന്റെ ഭാഗമാണെന്നും ശാസ്ത്രീയ ഗവേഷണത്തിന്റെ പിന്തുണയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ലീപ്മാക്സിങ്ങിൽ പരിശീലിക്കുന്ന ചില ഉറക്ക വിദ്യകൾ ഇതാ:
മഗ്നീഷ്യം സപ്ലിമെന്റ്സ്: നല്ല ഉറക്കം വർധിപ്പിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യത്തിന് പ്രധാന റോളുണ്ട്.
മെലാടോണിൻ സപ്ലിമെന്റ്സ്: ഉറക്ക ചക്രം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നതാണ് മെലാടോണിൻ. മനുഷ്യമനസ്സിന്റെ സമയബോധം നിയന്ത്രിക്കുന്ന സർക്കീഡിയൻ റിഥത്തിൽ പ്രശ്നമുള്ളവർക്ക് ഇത് ഗുണം ചെയ്യുമെന്നാണ് അവകാശവാദം.
റെഡ് ലൈറ്റ് തെറപി: ചുവപ്പ് വെളിച്ചം ആയാസം നൽകുമെന്നും ബ്ലൂ ലൈറ്റിന്റെ മോശം സ്വാധീനം കുറക്കുമെന്നും അവകാശവാദം.
സ്ലീപ് ട്രാക്കറുകൾ: ഉറക്ക പാറ്റേണിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുന്ന ആപ്പുകളുടെ സേവനം തേടുന്നു.
ഉറക്കത്തിൽ നന്നായി ശ്വസിക്കാനുള്ള പരിശീലനം നേടൽ.
തിരിച്ചടിച്ചേക്കാം
മികച്ച ഉറക്കം ലക്ഷ്യമിട്ട് ഇത്തരം വിദ്യകൾ പ്രയോഗിക്കാൻ പ്രയത്നിച്ചും അതേപ്പറ്റി അമിതമായി ചിന്തിച്ചും സമ്മർദമേറിയാൽ ഉറക്കത്തെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്, ഡൽഹിയിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. ചന്ദ്രിൽ ഛുഗ്.
എന്താണ് നല്ല ഉറക്കം
ഏഴു മുതൽ എട്ടുവരെ മണിക്കൂർ തടസ്സമില്ലാത്ത ഉറക്കമാണ് ഏറ്റവും ഗുണകരമെന്ന് ഡോ. മിത്തൽ പറയുന്നു. ‘‘കിടക്കുന്നതിനും എഴുന്നേൽക്കുന്നതിനും കൃത്യമായ സമയക്രമം നിശ്ചയിച്ച് അത് പിന്തുടരുകയാണ് ഏറ്റവും പ്രധാനം. നമ്മുടെ ജൈവ ഘടികാരം കൃത്യപ്പെടുത്താൻ ഇതാണ് വേണ്ടത്’’ -മിത്തൽ കൂട്ടിച്ചേർക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.