ആശ്വസിക്കാം; ദക്ഷിണ കൊറിയയിലും ചൈനയിലും പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു
text_fieldsകഴിഞ്ഞദിവസങ്ങളിൽ കോവിഡ് കേസുകളിൽ റെക്കോഡ് വർധന രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയിലും ചൈനയിലും രോഗികളുടെ എണ്ണം കുറയുന്നു. ലോകം വീണ്ടുമൊരു കോവിഡ് തരംഗത്തിലേക്ക് പോകുന്നുവെന്ന ആശങ്കകൾക്കിടെയാണ് ഇരു രാജ്യങ്ങളിൽനിന്നും ആശ്വാസ വാർത്ത പുറത്തുവരുന്നത്. ഒരു വർഷത്തിനിടെ ചൈനയിൽ ശനിയാഴ്ച ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.
തുടർച്ചയായ രണ്ടാംദിനവും ദക്ഷിണ കൊറിയയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷത്തിനു താഴെയാണ്. ഞായറാഴ്ച 3,34,708 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 3,81,454 പേരിലാണ് വൈറസ്ബാധ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 6,21,281 രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 327 കോവിഡ് മരണങ്ങളുണ്ടായി.
വ്യാപാര മേഖലയുടെ ഉണർവിനായി സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,737 പേർക്കാണ് കോവിഡ് ബാധിച്ചത്. ശനിയാഴ്ച രാജ്യത്ത് 2,228 രോഗികളുണ്ടായിരുന്നു. പുതിയ കേസുകളിൽ 1,656 പേർക്ക് വൈറസ് ബാധിച്ചത് പ്രാദേശികമായുള്ള വ്യാപനം മൂലമാണെന്ന് ദേശീയ ഹെൽത്ത് കമീഷൻ അറിയിച്ചു. അതേസമയം കോവിഡ് മഹാമാരിയുടെ അവസാനം വളരെ അകലെയാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചു.
തീർച്ചയായും നമ്മൾ മഹാമാരിയുടെ നടുവിലാണെന്നും കോവിഡ് ലോകത്ത്നിന്ന് അപ്രത്യക്ഷമാകാൻ സമയമെടുക്കുമെന്നും ഡബ്ല്യു.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ലോക ജനസംഖ്യയുടെ 70 ശതമാനത്തിന് വാക്സിൻ നൽകിയാൽ ഈ വർഷാവസാനത്തോടെ പകർച്ചാവ്യാധിയുടെ നിശ്ചിതഘട്ടം അവസാനിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.