ഒമ്പത് വർഷം ശീതീകരിച്ച് സൂക്ഷിച്ച ബീജം; ഒടുവിൽ ആൺകുഞ്ഞായി ജനനം
text_fieldsതിരുവനന്തപുരം: ശീതീകരിച്ച ചേംബറിൽ കാത്തിരുന്ന ബീജം ഒമ്പത് വർഷത്തിന് ശേഷം ആൺകുഞ്ഞായി പിറന്നു. പതിനെട്ടാം വയസിൽ വൃഷ്ണാർബുദം ബാധിച്ച യുവാവ് കാത്തുവെച്ച ബീജമാണ് പാറ്റൂരിലെ സമദ് ആശുപത്രിയിലെ ഐ.വി.എഫ് ചകിത്സയിലൂടെ വിജയംകണ്ടത്. ഐ.വി.എഫ് ചികിത്സരംഗത്ത് സജീവമായ സമദ് ആശുപത്രിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ഇത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ക്ക് ജനുവരി എട്ടിന് രാവിലെ സിസേറിയനിലൂടെയാണ് ആണ്‍കുഞ്ഞ് ജനിച്ചത്.
വൃഷ്ണാർബുദം ബാധിച്ച് 2016ൽ ആർ.സി.സിയിൽ ചികിത്സ തുടങ്ങുന്നതിന് മുമ്പാണ് യുവാവ് സമദ് ആശുപത്രിയിൽ ബീജം ശീതീകരിച്ച് സൂക്ഷിക്കാൻ തീരുമാനിച്ചത്. വൃഷ്ണാർബുദമായതിനാൽ അവയവം നീക്കംചെയ്യേണ്ടിരുമെന്ന് ആർ.സി.സിയിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. അന്ന് 18 വയസായിരുന്നു പ്രായം. ശസ്ത്രക്രിയയും കീമോതെറാപ്പിയും പൂർത്തിയാക്കി രോഗമുക്തി നേടിയ യുവാവ് പിന്നീട് വിവാഹിതനായി. തുടർന്നാണ് ശീതീകരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഐ.വി.എഫ് ചികിത്സയിലൂടെ കുഞ്ഞെന്ന സ്വപ്നം സഫലമായത്.
വൃഷ്ണാർബുദ ചികിത്സാവേളയിൽ ബീജം, അണ്ഡം മറ്റ് അനുബന്ധകോശങ്ങൾ പലതും നശിക്കും. അത്തരം സാഹചര്യങ്ങളിൽ ചികിത്സ തുടങ്ങുന്നതിന് മുമ്പ് ഇവ പുറത്തെടുത്ത് ശീതീകരിച്ച് സൂക്ഷിക്കാം. ലിക്വിഡ് നൈട്രജൻ ക്രയോ പ്രിസർവേഷൻ രീതിയിലൂടെ മൈനസ് 196 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കുക. വർഷങ്ങളോളം നശിക്കാതെ സുരക്ഷിതമായിരിക്കും. 2021ൽ പ്രാബല്യത്തിൽവന്ന നിയമം അനുസരിച്ച് 10 വർഷംവരെ ബീജം ഇത്തരത്തിൽ സൂക്ഷിക്കുന്നതിന് നിയമപരമായ അനുമതി ആവശ്യമില്ല.
2000ൽ ആണ് തെക്കന്‍ കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനം സമദ് ആശുപത്രിയില്‍ നടക്കുന്നത്. ലോകത്തിലെ അന്നത്തെ മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ അമ്മ 2002ൽ ഐ.വി.എഫ് ചികിത്സ വഴി ജന്മം നല്‍കിയതും ഇവിടെ ആയിരുന്നു. ഇപ്പൊള്‍ കാന്‍സര്‍ രോഗികള്‍ക്കും പ്രതീക്ഷയാകുകയാണ് സമദ് ആശുപത്രി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.