കരുതിയിരിക്കാം ചെള്ളുപനി
text_fieldsകണ്ണൂർ: ജില്ലയിൽ ചെള്ളുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. മുഴക്കുന്ന് വെണ്ടേക്കുംചാൽ കോളനിയിലെ 58കാരനാണ് കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയും ബാധിച്ചതോടെ ഇദ്ദേഹം കണ്ണൂർ ജില്ല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിശോധനക്കായി തിങ്കളാഴ്ചയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
വയനാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് ചെള്ളുപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ചെള്ളുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതോളമാണ്.
കാടുകളോടുചേർന്നുള്ള ഗ്രാമപ്രദേശങ്ങളിലാണ് രോഗബാധ സാധാരണയായി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പക്ഷം.
എന്താണ് ചെള്ളുപനി
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ പ്രധാനമായും കാണുന്നത്. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
എന്നാൽ, മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. കടിച്ച ഭാഗം ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും.
കക്ഷം, കാലിന്റെ മധ്യഭാഗം, ജനനേന്ദ്രിയം, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായും പാടുകളുണ്ടാവുക. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, പേശീവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ചിലരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ച് ജീവനുതന്നെ ഭീഷണിയുണ്ടായേക്കാം.
പുല്ലിലും ശ്രദ്ധവേണം
വനപ്രദേശങ്ങളിലും പുൽമേടുകളിലും നിന്നാണ് പ്രധാനമായും കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിലെത്തുന്നത്. കർഷകർ അടക്കമുള്ളവർ പുല്ലിൽ ജോലി ചെയ്യുമ്പോഴും കുട്ടികൾ കളിക്കുമ്പോഴും ശരീരം മൂടുന്ന വിധത്തിൽ വസ്ത്രവും കൈയുറയും കാലുറയും ധരിക്കണം.
കുറ്റിക്കാടുകളും മറ്റും വെട്ടി പരിസരം ശുചീകരിക്കണം. രോഗബാധയേൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ചാൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കണം. കഴുകിയ വസ്ത്രം നിലത്തും പുല്ലിലും വിരിക്കുന്നത് ഒഴിവാക്കണം.
''മുഴക്കുന്നിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗബാധിതന്റെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്'' -ഡോ. നാരായണ നായ്ക്(ഡി.എം.ഒ, കണ്ണൂർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.