ജീവനക്കാരുടെ സമരം: ജില്ല ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു
text_fieldsവടകര: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ സമരംമൂലം ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിൽ എച്ച്.എം.സി ജീവനക്കാർ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു.
ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണെന്ന് എച്ച്.എം.സി ജീവനക്കാരുടെ ആരോപണം. എന്നാൽ, ഇതിനെതിരെ കെ.ജി.എം.ഒ രംഗത്തെത്തി. സൂപ്രണ്ടിനെതിരായ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ പ്രതിഷേധം സംഘടിപ്പിച്ചു.
സൂപ്രണ്ടിനെതിരെ നടക്കുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് കെ.ജി.എം.ഒ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിയമപരമായി പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾക്ക് തയാറാകാതിരുന്ന ചില താൽക്കാലിക ജീവനക്കാർ സൂപ്രണ്ട് സരള നായരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണെന്നാണ് കെ.ജി.എം.ഒയുടെ ആരോപണം.
സർവിസ് ചട്ടങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് നടത്തുന്ന സമര ആഭാസത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. യോഗത്തിൽ കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ്, ജില്ല പ്രസിഡന്റ് ഡോ. വിപിൻ വർക്കി, സെക്രട്ടറി സലീമ എന്നിവർ സംസാരിച്ചു.
ആശുപത്രി സൂപ്രണ്ടിനെ തേജോവധം ചെയ്യാനുള്ള ചില താൽക്കാലിക ജീവനക്കാരുടെ ശ്രമത്തിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ ആശുപത്രിക്കുള്ളിലും സൂപ്രണ്ടിന്റെ കോഴിക്കോട്ടെ വീടിനു മുന്നിലും വ്യക്തിപരമായി അപമാനിക്കുന്ന രീതിയിൽ പോസ്റ്ററുകളും ബാനറുകളും പതിച്ചതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.
179 ദിവസത്തെ കരാർ ജീവനക്കാരായി ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാർ ചട്ടപ്രകാരം നൽകേണ്ട കരാർ വ്യവസ്ഥ ഒപ്പിട്ടുനൽകാൻ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇതോടൊപ്പം പി.എസ്.സി മുഖേന രണ്ടു ഡ്രൈവർമാരെ നിയമിച്ചപ്പോൾ താൽക്കാലികമായി നിയമിച്ച രണ്ട് ആംബുലൻസ് ഡ്രൈവർമാരെ നിയമപരമായി പിരിച്ചുവിട്ടതും നിയമവിരുദ്ധമായി ജോലിയിൽനിന്ന് വിട്ടുനിന്ന ഒരു ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും സർക്കാർ ചട്ടപ്രകാരമാണെന്നും യോഗം വിലയിരുത്തി.
സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ താൽക്കാലിക ജീവനക്കാർ ആശുപത്രിക്കു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം അഞ്ചു ദിവസം പിന്നിട്ടു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യൂനിയന്റെ തീരുമാനം. കെ.ജി.എം.ഒ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നതോടെ ആശുപത്രി പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.