18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് ഡ്രൈവ് ഇന്ന് മുതൽ
text_fieldsന്യൂഡൽഹി: 18 വയസിന് മുകളിലുള്ളലുള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസ് ഇന്നു മുതൽ 75 ദിവസം വരെ സൗജന്യമായി ലഭ്യമാകും. ബൂസ്റ്റർ ഡോസ് നൽകുന്നതിനായി 75 ദിവസത്തെ പ്രത്യേക ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. സർക്കാർ സെന്ററുകളിൽ നിന്നാണ് വാക്സിൻ സൗജന്യമായി ലഭ്യമാകുക.
ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വ്യാപിപ്പിക്കുന്നിനായി സംഘടിപ്പിച്ച ഡ്രൈവ് സ്വാതന്ത്ര്യ സമരത്തിന്റെ 75 ാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായാണ് നടത്തുന്നത്.
രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ 77കോടി വരുന്ന 18-59 പ്രായത്തിനിടയിലുള്ളവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.
അതേസമയം, 60 വയസിനു മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും മുന്നണിപോരാളികളും ഉൾപ്പെടെ 16 കോടി വരുന്ന ജനവിഭാഗങ്ങളിൽ 26 ശതമാനം ബൂസ്റ്റർ ഡോസ് എടുത്തിട്ടുണ്ട്.
ഇന്ത്യയില ഭൂരിഭാഗം ജനങ്ങളും ഒമ്പതു മാസം മുമ്പ് രണ്ടാം ഡോസ് പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഡോസുകൾ വഴിയുള്ള രോഗ പ്രതിരോധം ആറുമാസം വരെയാണ് നീണ്ടു നിൽക്കുക എന്നും ബൂസ്റ്റർ ഡോസ് എടുക്കുന്നത് വഴി പ്രതിരോധ ശേഷി ഉയരുമെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കോവിഡ് വീണ്ടും ഉയരുകയും ലോകത്ത് കോവിഡ് കേസുകൾ വർധിക്കുന്ന രാജ്യങ്ങളിൽ പ്രധാന സ്ഥലമായി ഇന്ത്യ മാറുകയും ചെയ്ത സാഹചര്യത്തിൽ, ബൂസ്റ്റർ ഡോസ് വ്യാപിപ്പിച്ച് പ്രതിരോധ ശേഷി വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബൂസ്റ്റർഡോസ് എടുക്കുന്നത് വ്യാപകമാക്കുന്നതിനായാണ് 75 ദിവസത്തെ സൗജന്യ വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനിടെ ബൂസ്റ്റർ ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്. ഇതുവരെ ഒമ്പത് മാസങ്ങൾക്കുള്ളിൽ ആയിരുന്നു ബൂസ്റ്റർ ഡോസ് എടുക്കാൻ ആവശ്യപ്പെട്ടിരുന്നത്. നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ നിർദേശ പ്രകാരം കഴിഞ്ഞ ആഴ്ചയാണ് കാലാവധി ആറുമാസമാക്കി കുറച്ചത്.
സർക്കാറിന്റെ കണക്കുകൾ പ്രകാരം 97 ശതമാനം ഇന്ത്യൻ ജനതയും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 87 ശതമാനം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചവർ. 2022 ഏപ്രിൽ 10 മുതൽ ബൂസ്ററർ ഡോസ് നൽകിത്തുടങ്ങിയെങ്കിലും വേണ്ടത്ര പ്രതികരണം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.