ആവി പിടിച്ചാൽ കൊറോണ വൈറസിനെ കൊല്ലാമെന്ന് പോസ്റ്റുകൾ...; വാസ്തവമിതാണ്
text_fieldsരാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ കോവിഡിനെ പറ്റിയും അതിനെ പ്രതിരോധിക്കാനുള്ള വഴികളെ പറ്റിയുമുള്ള വ്യാജ പോസ്റ്റുകളുടെ പ്രളയമാണ്. അത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നതാണ്, 'ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ നശിപ്പിക്കാം' എന്ന പോസ്റ്റ്. എന്നാൽ, അതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. നീരാവി ശ്വസനം കൊറോണ വൈറസ് അണുബാധയ്ക്കുള്ള പരിഹാരമാണെന്നതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരു പഠനവും നിലവിലില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ ഫിലിപ്പീൻസിലുള്ള ഓഫീസ് ചൂണ്ടിക്കാട്ടുന്നത്. കോവിഡിനെ പ്രതിരോധിക്കാനായി ആവി പിടിക്കുന്നത് പൊള്ളലേൽക്കുന്നതിന് കാരണമാകുമെന്നും അവർ പറയുന്നു. 'ദ ക്വിന്‍റ്' എന്ന സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട 'ഫാക്ട് ചെക്ക്' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ആവി പിടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റ്
''എല്ലാവർക്കുമായി ഒരു പ്രധാനപ്പെട്ട സന്ദേശം''
നിങ്ങൾ കുടിക്കുന്ന ചൂടുവെള്ളം നിങ്ങളുടെ തൊണ്ടയ്ക്ക് നല്ലതാണ്. എന്നാൽ ഈ കൊറോണ വൈറസ് 3 മുതൽ 4 ദിവസം വരെ നിങ്ങളുടെ മൂക്കിന്‍റെ പരാനാസൽ സൈനസിന് പിന്നിൽ മറഞ്ഞിരിക്കും. നാം കുടിക്കുന്ന ചൂടുവെള്ളം അവിടേക്കെത്തില്ല. 4 മുതൽ 5 ദിവസത്തിനുശേഷം പരനാസൽ സൈനസിന് പിന്നിൽ മറഞ്ഞിരുന്ന ഈ വൈറസ് നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കും. അതോടെ നിങ്ങൾക്ക് ശ്വസിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിട്ട് തുടങ്ങും.
അതുകൊണ്ടാണ് നിങ്ങളുടെ പാരനാസൽ സൈനസിന്‍റെ പിൻഭാഗത്ത് എത്തുന്ന നീരാവി ശ്വസിക്കുന്നത് വളരെ പ്രധാനപ്പെട്ടതാകുന്നത്. നിങ്ങൾ ഈ വൈറസിനെ നീരാവി ഉപയോഗിച്ച് കൊല്ലണം .... "
'വേൾഡ് സ്റ്റീം വീക്ക്' എന്ന പേരിൽ കഴിഞ്ഞ വർഷം ആഗസ്തിലും സെപ്തംബറിലുമായി അത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രമിലുമായി പ്രചരിച്ച പോസ്റ്റുകളിൽ ആവി പിടിക്കൽ കോവിഡിനെ പ്രതിരോധിക്കുമെന്ന് തന്നെയാണ് അവകാശപ്പെട്ടിരുന്നത്.
ആവി പിടിക്കൽ കോവിഡിനെ പ്രതിരോധിക്കുമെന്നതിനെ പിന്തുണക്കുന്ന ഒരു ഔദ്യോഗിക സ്ഥിരീകരണവും നിലവിലില്ല. ദില്ലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമോണോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. വികാസ് മൗര്യയോട് ക്വിന്‍റ് ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടിയിരുന്നു. മൂക്ക്, സൈനസ്, തൊണ്ട എന്നിവയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വൈറൽ അണുബാധയെ പ്രതിരോധിച്ച് ശ്വാസോച്ഛ്വാസം കടന്നുപോകാനാണ് ആവി പിടിക്കൽ സഹായിക്കുകയെന്ന് ഡോക്ടർ മൗര്യ പറഞ്ഞു. നീരാവി പിടിക്കുന്നത് ചില രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ രോഗികളെ സഹായിക്കുമെന്നല്ലാതെ, അതിന് ഒരിക്കലും വൈറസിനെ കൊല്ലാൻ സാധിക്കില്ല. -ഡോ. മൗര്യ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ ഫിലിപ്പീൻസ് ഓഫീസ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലും വ്യാജ പ്രചരണങ്ങളെ തള്ളിപ്പറയുന്നുണ്ട്.
ഈ സമയത്തുള്ള ആവി പിടിക്കൽ കോവിഡിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, പൊള്ളലേൽക്കുന്നത് പോലുള്ള അധിക അപകട സാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിലേക്കാണ് നയിക്കുകയെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുകെയിലെ ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിലെ 'ബേൺസ് കേന്ദ്രത്തിൽ' ഏപ്രിൽ മാസത്തിൽ നീരാവി ശ്വസിക്കുന്നതിലൂടെ നേരിട്ട് പൊള്ളലേറ്റവരുടെ എണ്ണത്തിൽ 30 മടങ്ങ് വർധനയുണ്ടായി 2020 മെയ് 15ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. അത്തരത്തിൽ പൊള്ളലേറ്റ നിരവധി കേസുകൾ ഇന്ത്യയിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.