കോവിഡിന് ശേഷം സ്‌ട്രോക്ക് വരുന്നവരുടെ എണ്ണത്തിൽ വർധന; ലക്ഷണങ്ങളും പരിഹാരവും
text_fieldsകോവിഡിന് ശേഷം ഇന്ത്യയിൽ മധ്യവയസ്‌കർക്കിടയിൽ സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. കോവിഡ് വന്നുപോയവരുടെ ശരീരത്തിൽ പലഭാഗത്തും രക്തം കട്ടപിടിക്കുന്ന സാഹചര്യം ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഇവർക്ക് സ്ട്രോക്ക് വരാൻ സാധ്യത കൂടുതലാണ്. തലച്ചോറിലേക്കുള്ള വലിയ രക്തകുഴലുകളിൽ പോലും കോവിഡിന് ശേഷം ബ്ലോക്ക് ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
പ്രായം കുറഞ്ഞവരിൽ ഇപ്പോൾ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് കോവിഡ്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. തളർന്ന മുഖം, കൈകളുടെ ബലക്കുറവ് തുടങ്ങിയവ സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ, പലപ്പോഴായി ഈ ലക്ഷണങ്ങളെ അവഗണിക്കപ്പെടുന്നുമുണ്ട്. സ്ട്രോക്ക് ലക്ഷണങ്ങൾ കാണിക്കുന്ന രോഗിയെ നാലര മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാനായാൽ ഒരു കുത്തിവെപ്പിലൂടെ അവരുടെ ജീവൻ രക്ഷിക്കാനാകും.
കഴിഞ്ഞ രണ്ട് വർഷത്തെ സ്ട്രോക്ക് കേസുകളുടെ റിപ്പോർട്ടുകൾ പ്രകാരം രോഗികളുടെ എണ്ണത്തിൽ
വർധനവുള്ളതായി കാണാം. കൂടാതെ, പ്രതിമാസ കേസുകളുടെ എണ്ണവും വർധിച്ചു. യുവാക്കൾക്കിടയിലെ രോഗികളുടെ കണക്കിലും വർധനവുണ്ട്. ഫാസ്റ്റ് ഫുഡ്, കൃത്യതയില്ലാത്ത ജീവിതശൈലി, പുകവലി, വ്യായാമകുറവ് എന്നീ ശീലങ്ങളും പ്രമേഹം, രക്താതിമർദം, ലിപിഡ് പ്രൊഫൈൽ തുടങ്ങിയ അസുഖങ്ങളും സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
സ്ട്രോക്ക് ലക്ഷണങ്ങൾ
കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച
സംസാരശേഷി നഷ്ടമാകുക
മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക
കാഴ്ചയോ കേൾവിയോ നഷ്ടമാകുക
നടക്കുമ്പോൾ ബാലൻസ് തെറ്റുക
പെട്ടെന്ന് മറവി ഉണ്ടാകുക
സ്‌ട്രോക്കിനെ തടയാൻ ശ്രദ്ധിക്കേണ്ടവ
കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക
ഉപ്പിന്‍റെ ഉപയോഗം ഒഴിവാക്കുക
അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക
മുടങ്ങാതെ വ്യായാമം ചെയ്യുക
മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.