വിദ്യാർഥികളുടെ മാനസികാരോഗ്യം: സ്കൂളുകളിൽ ആരോഗ്യ മന്ത്രാലയ കാമ്പയിൻ
text_fieldsയാംബു: സൗദിയിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും പീഡന സംഭവങ്ങൾ തടയാനും ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം സ്കൂളുകളിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കാനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. വിദ്യാർഥികൾ കലാലയങ്ങളിൽ അഭിമുഖീകരിക്കുന്ന വിവിധ മാനസിക ശാരീരിക പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ കെൽപ്പുള്ളവരാക്കി മാറ്റാനും അതുവഴി സമാധാനപൂർണമായ അന്തരീക്ഷം കാമ്പസുകളിൽ സംജാതമാക്കാനും കാമ്പയിൻ വഴി സാധിക്കുമെന്ന് കണക്കുകൂട്ടുന്നു.
വിവിധ രീതിയിയിലുള്ള ഭീഷണിപ്പെടുത്തൽ, മാനസിക പിരിമുറുക്കം, വിവിധ രീതിയിലുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾ എന്നിവ അഭിമുഖീകരിക്കാനും അവ അതിജയിക്കാനും വിദ്യാർഥികളെ പരിശീലിപ്പിക്കും. ഭീഷണിപ്പെടുത്തൽ മൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും എങ്ങനെ അവ കൈകാര്യം ചെയ്യണം എന്നതും വിദ്യാർഥികളെ കാമ്പയിനിലൂടെ പഠിപ്പിക്കും. ഭീഷണിപ്പെടുത്തലിന്റെ ഗൗരവത്തെക്കുറിച്ചും പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിൽ കുട്ടികളുടെ പങ്കിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകാനും കാമ്പയിൻ ഉപയോഗപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
വിദ്യാർഥികൾക്ക് ഏൽക്കാവുന്ന ശാരീരിക പരിക്കുകൾ, മോശം അക്കാദമിക് പ്രകടനം, ഉത്കണ്ഠയും മാനസികാവസ്ഥയും, മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾ എന്നിവയിലും ആവശ്യമായ ബോധവത്കരണം നടത്തും. ഏതെങ്കിലും വിധത്തിൽ ഭീഷണിക്ക് വിധേയരാവുന്ന വിദ്യാർഥികൾ അവരുടെ അധ്യാപകരുമായോ മാതാപിതാക്കളുമായോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളുമായോ ആശയവിനിമയം നടത്താൻ മന്ത്രാലയം പ്രേരിപ്പിക്കും. അതുപോലെതന്നെ ഭീഷണിപ്പെടുത്തുന്നവരോട് പ്രതികരിക്കാനോ അത്തരക്കാരുമായി തനിച്ചായിരിക്കാനോ അവസരം ഉണ്ടാക്കരുതെന്നും ബോധവത്കരണം നൽകും.
വിദ്യാർഥികളോടും രക്ഷിതാക്കളോടും നല്ല നിലയിൽ ഇടപഴകാനും ഭീഷണിപ്പെടുത്തലിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളിൽ കൂട്ടായ സഹകരണം നൽകാൻ അവരെ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം അധ്യാപകരോടും സ്കൂൾ പ്രിൻസിപ്പൽമാരോടും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരായ ഭീഷണിപ്പെടുത്തൽ സംഭവങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകർക്കും രക്ഷിതാക്കൾക്കും കാമ്പയിനിലൂടെ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. വിദ്യാർഥികളുടെ വിഷാദം, ഉത്കണ്ഠ, കുറഞ്ഞ അക്കാദമിക് പ്രകടനം, സ്കൂളുകളിൽ ഹാജരാകാതിരിക്കൽ, ഒടുവിൽ സ്കൂൾ കൊഴിഞ്ഞുപോക്ക് എന്നിവയിലേക്ക് നയിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ ഇല്ലാതാക്കാനും ശ്രമമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.