വർധിക്കുന്ന സ്ക്രീൻ സമയം നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം; ചെറുപ്പക്കാരും കുട്ടികളും കരുതിയിരിക്കണമെന്ന് പഠനം
text_fieldsലണ്ടൻ: കുട്ടികളും ചെറുപ്പക്കാരും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചെലവഴിക്കുന്ന സമയം (സ്ക്രീൻ സമയം) വർധിക്കുന്നത് നേത്രരോഗങ്ങളായ മയോപ്പിയയും ഹ്രസ്വദൃഷ്ടിയും ബാധിക്കാൻ കൂടുതൽ സാഹചര്യമൊരുക്കുന്നതായി പഠനം. ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
സിംഗപ്പൂർ, ഒാസ്ട്രേലിയ, ചൈന, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരും നേത്രരോഗ വിദഗ്ധരും, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിവലെ പ്രഫസർ റൂപർട്ട് ബോൺ ഉൾപ്പെടെയുള്ളവരുമാണ് ഗവേഷണം നടത്തിയത്. മൂന്ന് മാസം മുതൽ 33 വയസ്സ് വരെയുള്ള കുട്ടികളിലും കൗമാരക്കാരിലും സ്മാർട്ട് ഡിവൈസ് എക്സ്പോഷർ, മയോപിയ എന്നിവയുടെ ബന്ധം അന്വേഷിക്കുന്ന മൂവായിരത്തിലധികം പഠനങ്ങളാണ് ഇവർ പരിശോധിച്ചത്.
മൊബൈൽ ഫോൺ സ്ക്രീനുകൾ ഉൾപ്പെടെ സ്മാർട്ട് ഡിവൈസുകളിലെ സ്ക്രീനുകളിൽ കൂടുതൽ സമയം നോക്കുന്നവർക്ക് മയോപ്പിയ ബാധിക്കാൻ 30 ശതമാനം സാധ്യത കൂടുതലാണെന്ന് ഇവർ പഠനങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു. ഇതിനൊപ്പം അമിതമായ കമ്പ്യൂട്ടർ ഉപയോഗം കൂടിയാകുമ്പോൾ അപകട സാധ്യത എകദേശം 80 ശതമാനമായി ഉയരുന്നു.
കോവിഡ് 19 മൂലം സ്കൂളുകൾ അടച്ചതോടെ ദശലക്ഷകണക്കിന് കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിദൂര പഠനരീതികൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പഠനഫലം പുറത്തുവന്നിരിക്കുന്നത്.
2050ഓടെ ആഗോള ജനസംഖ്യയുടെ പകുതിയോളം പേർക്ക് മയോപിയ ബാധിച്ചേക്കുമെന്ന് പ്രഫസർ റൂപർട്ട് ബോൺ ചൂണ്ടിക്കാട്ടുന്നു. വളരെ വേഗം വ്യാപിക്കുന്ന ഒരു ആരോഗ്യപ്രശ്നമായി ഇത് മാറുകയാണ്. ഈ വിഷയത്തിലെ ഞങ്ങളുടെ പഠനം സമഗ്രമാണ്. കൂടാതെ യുവാക്കളിൽ വർധിച്ചുവരുന്ന സ്ക്രീൻ സമയവും മയോപിയയും തമ്മിലുള്ള ബന്ധം കാണിക്കുന്നതുമാണ്. ഓൺലൈൻ പഠനം ഉൾപ്പെടെ വ്യാപകമായ സാഹചര്യത്തിൽ സ്ക്രീനിൽ ചെലവഴിക്കുന്ന സമയവും കാഴ്ച പ്രശ്നങ്ങളും പഠിക്കുന്ന കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.