കേരളത്തിൽ ഒമിക്രോൺ വ്യാപനത്തിന്റെ സൂചനയേകി പഠന റിപ്പോർട്ട്
text_fieldsകോഴിക്കോട്: കേരളത്തിൽ പടരുന്ന കോവിഡ് ഡെൽറ്റ വകഭേദമാണെന്ന ആരോഗ്യമന്ത്രി വീണാജോർജിന്റെ പ്രസ്താവന തെറ്റാണെന്ന സൂചന നൽകി ഒമിക്രോൺ വ്യാപകമാകുന്നതായി പഠനത്തിൽ കണ്ടെത്തൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് 75 ശതമാനം പേരും ഒമിക്രോൺ വകഭേദം ബാധിച്ചവരാണെന്ന് തെളിഞ്ഞത്.
തുടർച്ചയായ 51 കോവിഡ് സാമ്പിളുകൾ പരിശോധിച്ചതിൽ 38 എണ്ണത്തിലും ഒമിക്രോൺ സൂചിപ്പിക്കുന്ന എസ്.ജി.ടി.എഫ് പ്രതിഭാസം കണ്ടെത്തി. ഒമിക്രോൺ ബാധിച്ചവരാരും വിദേശങ്ങളിൽനിന്ന് വന്നവരല്ല. സമൂഹവ്യാപനം യാഥാർഥ്യമായതായ സൂചന നൽകുന്നതാണ് പഠനവിവരങ്ങൾ.
ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാണ് ഒമിക്രോൺ വ്യാപനത്തിന്റെ സൂചനകൾ ലഭ്യമായത്. വൈറസിന്റെ ജനിതകഘടനയിലെ പലതരം ജീനുകളെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ കണ്ടെത്തുന്നത്. എസ്, ഒ.ആർ.എഫ് 1 എ.ബി, എൻ, ഇ തുടങ്ങിയ ജീനുകളാണിത്. ഒമിക്രോൺ വൈറസിൽ എസ് ജീനിന് പലതരം വകഭേദങ്ങളുണ്ടാകും. പരിശോധനയിൽ എസ് ജീനുകളെ കണ്ടെത്താനായില്ലെങ്കിൽ ഒമിക്രോൺ ബാധിതനാണെന്ന സൂചനയേകുമെന്നാണ് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകളുടെ വിദഗ്ധാഭിപ്രായം. എസ് ജീൻ ടാർജറ്റ് ഫെയ്ല്യുർ എന്നതാണ് എസ്.ജി.ടി.എഫിന്റെ പൂർണ രൂപം. കോഴിക്കോട്ടെ പരിശോധനയിൽ എസ് ജീനിനെ കണ്ടെത്താനായില്ല. എൻ ജീനുകളെയടക്കം കണ്ടെത്തിയിട്ടുണ്ട്. എസ്.ജി.ടി.എഫ് അടിസ്ഥാനമാക്കി മാത്രം ഒമിക്രോൺ ഉറപ്പിക്കാനാവില്ല. ജനിതക ശ്രേണീകരണം നടത്തിയാലേ നൂറു ശതമാനം ഫലം വ്യക്തമാകുകയുള്ളൂ.
മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങളാണ് പരിശോധനക്കെടുത്തത്. സാധാരണയായി ആർ.ടി.പി.സി.ആറിൽ എസ് ജീനുകൾ പരിശോധിക്കാറില്ല. ഡെൽറ്റ വകഭേദത്തിൽ എസ്.ജി.ടി.എഫ് പ്രതിഭാസമുണ്ടാകാറില്ലായെന്നതും ശ്രദ്ധേയമാണ്. ഇത്തരം പരിശോധനകളിലൂടെ ഒമിക്രോൺ സൂചനകൾ ലഭിച്ചാൽ എളുപ്പത്തിൽ രോഗിയെ ക്വാറന്റീനിലാക്കാനും രോഗം പടരുന്നത് തടയാനും കഴിയും. നിലവിൽ ഒമിക്രോൺ കണ്ടെത്താൻ വ്യാപക പരിശോധനകൾ സംസ്ഥാനത്ത് നടത്തുന്നില്ല.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ പോസിറ്റിവായാൽ ജനിതകശ്രേണീകരണത്തിനായി സാമ്പിളുകൾ അയക്കുകയാണ് പതിവ്. ഇവയുടെ ഫലം ഏറെ വൈകിയാണ് ലഭിക്കുന്നത്. വ്യാപകമായ ജനിതകശ്രേണീകരണ പരിശോധനക്ക് സംസ്ഥാനത്ത് സംവിധാനവുമില്ല. എസ്.ജി.ടി.എഫ് രീതിയിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന കിറ്റുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒമിഷുവർ എന്ന പേരിൽ ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സാണ് ഈ കിറ്റ് തയാറാക്കിയത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 174 ശതമാനം വർധനവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.