വീണ്ടും അഭിമാനനേട്ടം; സർക്കാർ മേഖലയിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ സന്ധി മാറ്റിവെക്കല്‍
text_fieldsഗാന്ധിനഗർ(കോട്ടയം): സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി കോട്ടയത്ത് കീഴ്താടിയെല്ലിന്റെ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോട്ടയം മെഡിക്കല്‍- ഡെന്റല്‍ കോളജിലെ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു വിജയകരമായ ശസ്ത്രക്രിയ. കോട്ടയം സ്വദേശിയായ 56കാരനാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
കീഴ്താടിയെല്ലിൽ ട്യൂമര്‍ ബാധിച്ചാണ് രോഗി ചികിത്സ തേടിയെത്തിയത്. തുടർന്ന് കീഴ്താടിയെല്ലും അതിന് അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. ട്യൂമര്‍ ബാധിച്ച താടിയെല്ല് എടുത്തുകളഞ്ഞാല്‍ കവിളൊട്ടിയിരിക്കും.
ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വെച്ചുപിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സി.ടി സ്കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആര്‍ട്ടിഫിഷ്യല്‍ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വെച്ചുപിടിപ്പിച്ചത്. മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവര്‍ത്തനവും സാധ്യമാകുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതയാണ്. എന്നാല്‍, ഒരു പാര്‍ശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ ഏഴുമണിക്കൂര്‍ നീണ്ടു.
ഒ.എം.എഫ്.എസ് മേധാവി ഡോ. എസ്. മോഹന്റെയും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശാന്തി, ഡോ. ഷീലാ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ദീപ്തി സൈമണ്‍, ഡോ. ബോബി ജോണ്‍, ഡോ. പി.ജി. ആന്റണി, ഡോ. ജോര്‍ജ് ഫിലിപ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.