ശസ്ത്രക്രിയക്ക് താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു
text_fieldsജിദ്ദ: വേർപെടുത്തൽ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് ഹസൻ, ഹുസൈൻ എന്നീ സയാമീസുകളെ കൊണ്ടുവന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഇവരെ വരവേറ്റു.
താൻസാനിയൻ തലസ്ഥാനമായ ദാറുസലാമിൽനിന്ന് മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. കൂടെ മാതാവുമുണ്ട്. കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വരും ദിവസങ്ങളിൽ കുട്ടികളുടെ ആരോഗ്യ അവസ്ഥ പഠിച്ച് അവരെ വേർപെടുത്താനുള്ള സാധ്യത പരിശോധിക്കും.
ലോകമെമ്പാടും എത്തിയ സൗദി അറേബ്യയുടെ മാനവികതയാണ് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഹ് പറഞ്ഞു. ഇരട്ടകളെ വേർപെടുത്താനും മാനുഷിക പ്രവർത്തനങ്ങൾക്കും ഭരണകൂടം നൽകുന്ന ശ്രദ്ധക്കും പിന്തുണക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദിപറഞ്ഞു.
ആഗോള ആരോഗ്യ മേഖലകളിൽ മുൻപന്തിയിൽ നിൽക്കാൻ രാജ്യത്തെ ആരോഗ്യമേഖല വികസിപ്പിക്കുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ സൗദി മെഡിക്കൽ മേഖലയുടെ മികവാണ് ഈ സംരംഭമെന്നും ഡോ. റബീഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.