സംസ്ഥാനത്തെ ആദ്യ സ്പീച്ച് ആന്‍ഡ് ഹിയറിങ് കേന്ദ്രം മാര്‍ച്ച് മൂന്നിന് ചുങ്കത്തറയില്‍ തുടങ്ങും
text_fieldsഎടക്കര: ലോക കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് ചുങ്കത്തറ സി.എച്ച്.സിയില്‍ ആരംഭിക്കാനിരിക്കുന്ന സ്പീച്ച് ആന്‍ഡ് ഹിയറിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ വന്‍ ഒരുക്കം. രാഹുല്‍ ഗാന്ധി എം.പിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിയാണ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നാടിനായി സമര്‍പ്പിക്കുക. ആതുരസേവന രംഗത്ത് പുത്തന്‍ ദിശാബോധം നല്കുന്ന പദ്ധതി മൈസൂര്‍ ആസ്ഥാനമായുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്റെ (എ.ഐ.ഐ.എസ്.എച്ച്) സംസ്ഥാനത്തെ ആദ്യ കേന്ദ്രമാണ് ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്നത്.
ചൊവ്വാഴ്ച ചേര്‍ന്ന യോഗം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് കേന്ദ്രം അധികാരികളും അഞ്ച് വര്‍ഷത്തേക്കുള്ള ധാരണാ പത്രത്തില്‍ ഒപ്പിട്ടതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി പറഞ്ഞു. പക്ഷാഘാതത്തെ തുടര്‍ന്ന് സംസാര വൈകല്യം നേരിട്ടവര്‍ക്കുള്ള തെറപ്പികള്‍, നവജാത ശിശുക്കളിലെ കേള്‍വി പരിശോധന എന്നിവക്ക് പ്രാധാന്യം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്. ആദ്യഘട്ടമായി ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും രണ്ട് ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവരെയുമാണ് സ്ഥാപനം നല്‍കുക. പരിപാടി വിജയിപ്പിക്കാനായി ബ്ലോക്ക് പ്രസിഡന്റ് ചെയര്‍മാനായും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറായും 101 അംഗ പ്രോഗ്രാം കമ്മിറ്റി നിലവില്‍ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.