ചൂട് കനക്കുന്നു; ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധവേണം
text_fieldsകുവൈത്ത് സിറ്റി: വേനൽ ചൂട് തുടങ്ങുകയായി. ദിവസങ്ങളായി ഉയർന്നു വരുന്ന താപനില വരും ദിവസങ്ങളോടെ കൂടുതൽ ഉയരത്തിലെത്തും. ചൂട് കടുക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ അതീവ ജാഗ്രത വേണം. അന്തരീക്ഷത്തിൽ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോൾ ശരീരവും അതിന് അനുസരിച്ച് ചൂടാകുന്നുണ്ട്.
അമിത ചൂട് ആന്തരികമായ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. സാധാരണ കുടിക്കുന്നതിനെക്കാൾ മൂന്നിരട്ടി വെള്ളം കുടിക്കണം. കടുത്ത ചൂടിൽ നിന്നും എ.സിയിലേക്ക് വന്നുകയറുന്ന വേളയിൽ തന്നെ വെള്ളം കുടിക്കരുതെന്നും കുറച്ച് കഴിഞ്ഞ് കുടിക്കുന്നതാകും നല്ലതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൂടുകാലമാണെങ്കിലും കടുത്ത തണുപ്പുള്ളതും കൃത്രിമ പാനീയങ്ങളും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. കുടിക്കുന്നത് ശുദ്ധജലം തന്നെയാണ് എന്ന് ഉറപ്പുവരുത്തണം. പുറംജോലി ചെയ്യുന്നവരിൽ അമിതചൂട് മൂലം ശരീരത്തിൽ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്.
നിർജലീകരണത്തെ തടയാൻ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുകയോ ഒ.ആർ.എസ് ലായനി തയാറാക്കി കുടിക്കുകയോ ചെയ്യാം. ഒ.ആർ.എസ് ലായനി തയാറാക്കുന്നതിനുള്ള പൊടി മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും.
വേനലിൽ ഭക്ഷണ കാര്യത്തിലും ശ്രദ്ധവേണം. പാചകം ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞശേഷം ഭക്ഷണം കഴിക്കുന്നത് വയറിളക്കംപോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഉച്ചഭക്ഷണം ഉപേക്ഷിക്കരുത്. പഴവും പച്ചക്കറികളും കൂടുതലായി കഴിക്കണം. നേത്രരോഗങ്ങളെ ചെറുക്കാനും കണ്ണുകളെ കടുത്ത ചൂടിൽനിന്ന് രക്ഷിക്കാനും ജാഗ്രത ഉണ്ടാകണം. പ്രത്യേകിച്ചും പകൽ 11 മുതൽ ഉച്ചക്ക് മൂന്നുവരെയുള്ള സമയത്ത് വെയിൽ കൊണ്ടുക്കൊണ്ടുള്ള നടത്തം ഒഴിവാക്കണം.
സൂര്യപ്രകാശം കണ്ണുകളിൽ തട്ടാതിരിക്കാൻ നിലവാരമുള്ള സൺ ഗ്ലാസുകൾ ധരിക്കാം. അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന അസുഖങ്ങൾ പിടിപെടാതിരിക്കാൻ കണ്ണുകൾ ഇടക്കിടക്ക് പച്ചവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.