എലിപ്പനി ബാധിതർ വർധിക്കുന്നു: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsപത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 98 സ്ഥിരീകരിച്ച എലിപ്പനി കേസും 16 സംശയാസ്പദ എലിപ്പനി കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച നാല് മരണവും സംശയാസ്പദമായി രണ്ട് മരണവും ഉണ്ടായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഏതു പനിയും എലിപ്പനിയാകാമെന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. എലി, അണ്ണാന്‍, പശു, ആട്, നായ് എന്നിവയുടെ മൂത്രം, വിസര്‍ജ്യം തുടങ്ങയവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ് വഴിയോ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.
രോഗലക്ഷണങ്ങള്‍
വിറയലോടു കൂടിയ പനി, ശക്തമായ പേശിവേദന പ്രധാനമായും കാല്‍വണ്ണയിലെ പേശികളില്‍, തലവേദന, കണ്ണുചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം. ശരീര വേദനയും കണ്ണിന് ചുവപ്പുനിറവും ഉണ്ടാകുന്നതാണ് എലിപ്പനിയുടെ ഏറ്റവും പ്രധാന ലക്ഷണം. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ഉണ്ടായാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശ്രദ്ധിക്കേണ്ടവ
വ്യക്തിശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക, മലിനമായ ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിസുരക്ഷ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. വെള്ളത്തിലിറങ്ങിയാല്‍ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സോസൈക്ലിന്‍ ഗുളിക 200 എം.ജി (100 മില്ലിഗ്രാമിന്റെ രണ്ടു ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.