വാക്സിൻ രണ്ടാം ഡോസിന് പലയിടത്തും ക്ഷാമം
text_fieldsപാലക്കാട്: കോവിഡ് പ്രതിരോധ വാക്സിെൻറ രണ്ടാം ഡോസിന് പലയിടത്തും ക്ഷാമം. ആരോഗ്യപ്രവർത്തകരും പൊലീസുകാരുമടക്കം ആദ്യ ഡോസ് എടുത്ത നൂറുകണക്കിന് പേർ ഇതോടെ ആശങ്കയിലാണ്. ആദ്യ കുത്തിവെപ്പെടുത്ത് 28 ദിവസത്തിനകം രണ്ടാം ഡോസെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. അതുകഴിഞ്ഞ് 14 ദിവസം പൂർത്തിയായാൽ മാത്രമേ ശരീരം പൂർണതോതിൽ പ്രതിരോധശേഷി നേടൂവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും കുത്തിവെപ്പ് എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കേണ്ട സമയമാണിത്. ഇവരുടെ അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ആരോഗ്യ വകുപ്പ് അധികൃതർ ഒഴിഞ്ഞുമാറുന്നതായി പരാതിയുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ആയുര്‍വേദം, ഹോമിയോ, ഡെൻറൽ വിഭാഗങ്ങളിൽനിന്നുള്ളവരും റവന്യൂ ഉദ്യോഗസ്ഥരും ആശാപ്രവര്‍ത്തകര്‍, അംഗൻവാടി ജീവനക്കാര്‍ തുടങ്ങിയവരും കുത്തിവെപ്പ് സ്വീകരിച്ചവരിലുൾപ്പെടും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്ക് കുത്തിവെപ്പ് നൽകാനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. ഇതിന് വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കുകൂടി മരുന്ന് ലഭ്യമാക്കേണ്ടതിനാൽ കുത്തിവെപ്പ് മരുന്നിന് ക്ഷാമമുണ്ട്. ഇതിനാൽ രണ്ടാം ഡോസ് നൽകാൻ ആവശ്യത്തിന് മരുന്ന് എത്തിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നാണറിയുന്നത്.
സർക്കാർ ആശുപത്രികളിൽ രണ്ടാം ഡോസ് എടുക്കാനെത്തിയവരെ മടക്കിയയച്ച സംഭവങ്ങളുണ്ട്. ഗവ. ആശുപത്രികളിൽ നിലവിൽ 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിൽ ഗുരുതര രോഗമുള്ളവർക്കും ഒന്നാം ഡോസ് നൽകുന്നുണ്ട്. ഇൗ വിഭാഗത്തിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്തതിനാൽ രണ്ടാം ഡോസിനുകൂടി മരുന്ന് തികയില്ലെന്ന് അധികൃതർ പറയുന്നു. സർക്കാർ നിർദേശപ്രകാരം സ്വകാര്യ ആശുപത്രികളിൽ സൗജന്യമായാണ് ഒന്നാംഘട്ട കുത്തിവെപ്പ് നൽകിയത്.
ആരോഗ്യ വകുപ്പാണ് സ്വകാര്യ ആശുപത്രികളിലേക്ക് മരുന്ന് നൽകിയത്. രണ്ടാം ഡോസിന് 250 രൂപ വാങ്ങാൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും മരുന്ന് ലഭ്യമല്ല. ഇതിനിടെ, രണ്ടാം ഡോസ് എടുക്കാൻ 42 ദിവസം വരെ സാവകാശമാവാമെന്ന വാദവുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, വലിയതോതിൽ മരുന്നിന് ക്ഷാമമില്ലെന്നും മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ കൂടുതൽ മരുന്ന് എത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.