‘സീറോ കാർബ് ഡയറ്റ്’ ഒരു മികച്ച നീക്കമല്ല
text_fieldsകാർബോഹൈഡ്രേറ്റിന്റെ കലവറയായ നമ്മുടെ ഭക്ഷണശീലത്തിൽ നിന്നുകൊണ്ട് ഭാരം കുറക്കാൻ കഴിയില്ലെന്നു പറഞ്ഞ് പെട്ടെന്ന് ‘സീറോ കാർബ്’ ഡയറ്റ് പരീക്ഷിക്കുന്നവർ കരുതിയിരിക്കുക. ജസ്റ്റിൻ ഗിച്ചാബയെന്ന ന്യൂട്രീഷ്യൻ കോച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അനുഭവകഥയിൽ, ഏഴു ദിവസത്തെ സീറോ കാർബ് ഡയറ്റ് പരീക്ഷണത്തിന്റെ അനന്തര ഫലം വിവരിക്കുന്നതിങ്ങനെ:
‘‘ഒരു പരീക്ഷണത്തിന്റെ ഭാഗമായി, വയറുകുറയാൻ വേണ്ടി ഞാൻ ഏഴുദിന സീറോ കാർബ് ഡയറ്റ് എടുത്തു. ഒരാഴ്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു ഭക്ഷണവും തൊട്ടില്ല. സീറോ കാർബ് എടുക്കുന്നവർ പലപ്പോഴും അതിന്റെ മേന്മ വിവരിക്കാറുണ്ട്. വയർ സ്തംഭനം ഇല്ല, കാലുകൾക്ക് ഭാരം തോന്നുന്നില്ല, മന്ദതയില്ല എന്നൊക്കെ. ഇതിൽ ചിലതെല്ലാം എനിക്കും അനുഭവിക്കാൻ പറ്റി. എന്നാൽ, മറ്റു ചില ബുദ്ധിമുട്ടേറിയ മാറ്റങ്ങൾ എനിക്ക് അനുഭവിക്കേണ്ടവന്നു.
മുമ്പു ചെയ്തിരുന്നപോലെ എനിക്ക് വ്യായാമം ചെയ്യാൻ പറ്റാതായതാണത്. വർക്കൗട്ടിനുള്ള ഊർജം എന്നിൽ കുറവായി കണ്ടു. മുമ്പ് കാർഡിയോ എക്സർസൈസ് ചെയ്തിരുന്നപ്പോൾ എത്ര അനായാസമായാണ് വെയ്റ്റ് എടുത്തിരുന്നതെന്ന് ഞാനോർത്തുപോയി’’ -ഗിച്ചാബ വിവരിക്കുന്നു. അതായത് കാർബ് ആണ് വ്യായാമത്തിലെ ഏറ്റവും പ്രധാനിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. കീറ്റോ പോലുള്ള ഡയറ്റിലേക്ക് പോകുമ്പോൾ കാർബ് പൂർണമായും ഒഴിവാക്കേണ്ടതില്ലെന്നും അത് മറ്റു തരത്തിൽ നിങ്ങളെ ബാധിക്കുമെന്നും ഗിച്ചാബ പറയുന്നു.
കാർബ് കുറച്ചാൽ ?
ഒരാഴ്ച സീറോ കാർബ് പരീക്ഷിച്ചാൽ ശാരീരികമായും മാനസികമായും പലവിധ മാറ്റങ്ങൾ സംഭവിക്കുമെന്ന് പറയുന്നു, ന്യൂട്രീഷ്യനിസ്റ്റ് മിതൂഷി അജ്മേറ. മാറ്റങ്ങൾ ഇവയാണ്:
ഗ്ലൈക്കോജൻ കുറയുന്നു: ആദ്യ 24-48 മണിക്കൂർ വരെ ശരീരത്തിൽ ലഭ്യമായ ഗ്ലൈക്കോജൻ (പേശികളിലും കരളിലും ഗ്ലൂക്കോസ് ആയി ശേഖരിച്ചത്) എടുത്ത് ഉപയോഗിക്കുന്നു. കീറ്റോസിസിന്റെ തുടക്കം: ശേഖരിച്ച ഗ്ലൈക്കോജനെല്ലാം തീർന്നാൽ, ബദൽ ഊർജ സ്രോതസ്സായി ശരീരം കീറ്റോൺ നിർമിക്കുന്നു. ഇതിനായി കൊഴുപ്പാണ് ഉപയോഗിക്കപ്പെടുന്നത്.
ഊർജ, മാനസിക നിലയിലെ മാറ്റം: ക്ഷീണവും മന്ദതയും പേശിവലിവും അസ്വസ്ഥതയും തലവേദനയുമെല്ലാം അനുഭവപ്പെടുന്നു. ഇലസ്ട്രോലൈറ്റ് വ്യതിയാനമാണിതിന് കാരണം. വിശപ്പിനെ അടക്കിപ്പിടിക്കൽ: കീറ്റോണുകൾ വിശപ്പിനെ അടക്കിവെക്കാൻ തുടങ്ങും. ചിലർ ഇതോടെ ഭക്ഷണം കഴിക്കുന്നത് കുറയും. ഇൻസുലിൻ, രക്തത്തിലെ പഞ്ചസാര സ്ഥിരത കൈവരിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ഗുണകരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.