രോഗസാധ്യത കണ്ട് ടെൻഷനടിച്ച് തൃശൂർ
text_fieldsതൃശൂർ: മധ്യവയസ്കരിലും മുതിർന്ന പൗരന്മാരിലും ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ശൈലി ആപ്ലിക്കേഷൻ’മുഖേന നടത്തിയ സർവേയിൽ ജില്ലക്ക് ‘ടെൻഷനടിക്കാനേറെ’. സർവേപ്രകാരം രക്താതി സമ്മർദമുള്ളവരുടെ എണ്ണം 1,84,053 ആണ്. ഇതര ജില്ലകളേക്കാൾ ടെൻഷനടിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ജില്ലയിൽ കാണുന്നത്. തൊട്ടുപിറകിൽ അയൽ ജില്ലയായ മലപ്പുറമാണ്, 1,54,484. ജില്ലയിൽ 15,76,688പേരാണ് സർവേയുടെ ഭാഗമായത്. സർവേ പ്രകാരം ജില്ലയുടെ സ്കോർ മൂന്നിൽ താഴെയാണ്.
തുടർ പരിശോധനക്കുള്ള പ്രാധാന്യവും സർവേയിൽ വ്യക്തമാകുന്നു. 1,51,058 പേരിലാണ് പ്രമേഹം കണ്ടെത്തിയത്. രക്താതിസമ്മർദവും പ്രമേഹവും ഉള്ളവർ 84,839 പേരാണ്. അർബുദ സാധ്യതയുള്ളവരേയും ഈ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. 19 ആരോഗ്യ ബ്ലോക്കുകളിലായി നടത്തിയ സർവേയിൽ 90,359 പേരെയാണ് സ്തനാർബുദ പരിശോധനക്കായി റഫർ ചെയ്തത്. ഗർഭാശയമുഖത്തുണ്ടാകുന്ന അർബുദസാധ്യത സംശയിക്കുന്നത് 8,484 പേരിലാണ്.
വായയിൽ അർബുദ സാധ്യത 4,411 പേരിലും കണ്ടെത്തിയിട്ടുണ്ട്. സ്തനാർബുദം നേരത്തെ കണ്ടെത്താൻ സാധിക്കുമെങ്കിലും ഇതുസംബന്ധിച്ച് അവബോധം കുറയുന്നതാണ് രോഗം കണ്ടെത്താൻ വൈകുന്നതിന് കാരണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ഇതിനായി നടത്തുന്നുണ്ട്. മണ്ഡല അടിസ്ഥാനത്തിലും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
പ്രത്യേകം തയാറാക്കിയ ചോദ്യാവലികൾ മുഖേനയാണ് സർവേ നടത്തിയത്. ഇതുപ്രകാരം നൽകിയ മറുപടികൾ ക്രോഡീകരിച്ചാണ് അർബുദ സാധ്യതയുള്ളവരെ രോഗനിർണയത്തിന് റെഫർ ചെയ്തിരിക്കുന്നത്. ആകെ 1,03,254പേരെയാണ് അർബുദ നിർണയ പരിശോധനക്കായി റഫർ ചെയ്തിരിക്കുന്നത്. ഈ കണക്ക് പ്രകാരം ജില്ല രണ്ടാം സ്ഥാനത്താണ്. 30-60 വയസിനിടയിലുള്ളവരാണ് സർവേയിൽ പങ്കെടുത്തവരിലേറെയും.
ശ്രദ്ധിക്കണം ഭക്ഷണവും ജീവിത ശൈലിയും
ഭക്ഷണത്തിലേയും ജീവിത ശൈലിയിലേയും മാറ്റമാണ് ഇന്ന് കാണുന്ന മിക്കരോഗങ്ങളുടേയും മൂലകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ വൈവിധ്യം ആസ്വദിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
പക്ഷേ, അത് ശീലമാകുന്നതോടെ ശരീരം പ്രതികരിച്ചു തുടങ്ങും. ഫാസ്റ്റ് ഫുഡ് ഇനത്തിൽപ്പെട്ടവ ഇന്ന് ഗ്രാമങ്ങളിൽ വരെ ലഭ്യമാണ്. ഇത്തരം ഭക്ഷണങ്ങളിൽനിന്ന് വിഷബാധയേൽക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ഇത്തരം ഭക്ഷണ ശാലകളിൽ വലിയ തിരക്കാണ്. ഇതോടൊപ്പം വ്യായാമം കുറയുന്നതും ചെറുപ്രായത്തിൽതന്നെ രക്തസമ്മർദവും പ്രമേഹവും പിടിമുറുക്കുന്നതിന് കാരണമാണ്.
ജീവിത ശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്താനും ബോധവല്‍ക്കരണവും വ്യായാമവും മറ്റ് ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സർക്കാർ നടപ്പാക്കിവരുകയാണ്. ആര്‍ദ്രം മിഷനുകീഴില്‍ ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികൾ ഇതിനായി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സർവേ നടത്തി രോഗ്യസാധ്യതയുള്ളവരെ കണ്ടെത്തിയിട്ടുള്ളത്.
സർവേ ജില്ലയിൽ:
- സർവേ നടത്തിയത് -19 ആരോഗ്യ ബ്ലോക്കുകളിൽ
- സർവേയിൽ പങ്കെടുത്തത്- 1576688
- ജില്ലയുടെ സ്കോർ-277132
- രക്താതിസമ്മർദം കണ്ടെത്തിയത്-184053
- പ്രമേഹം-151058
- പ്രമേഹവും രക്താതിസമ്മർദവും ഒന്നിച്ച്- 84839
- ക്ഷയരോഗ നിർണയത്തിന് റഫർ ചെയ്തവർ-12320
- ശ്വാസകോശ സംബന്ധമായ
- അസുഖ നിർണയത്തിന് റഫർ ചെയ്തവർ-40935
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.