തൈറോയ്ഡ് ഹോർമോൺ തകരാറുകൾ അറിയണം
text_fieldsമനുഷ്യശരീരത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണാവസ്ഥയിൽ 20 മുതൽ 24 ദിവസം ഉള്ളപ്പോൾതന്നെ തൈറോയ്ഡ് ഗ്രന്ഥി രൂപം പ്രാപിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയാണ് endocrine ഗ്രന്ഥികളിൽ ഏറ്റവും ആദ്യം രൂപം പ്രാപിക്കുന്നത്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾക്ക് ഏറെ പ്രാധാന്യമുണ്ട് നമ്മുടെ ശരീരത്തിൽ. കഴുത്തിന്റെ മുൻഭാഗത്ത് പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഏകദേശം 10 മുതൽ 20 ഗ്രാം വരെ തൂക്കംവരുന്ന ഒരു കുഞ്ഞു ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക എല്ലാ പ്രവർത്തനങ്ങളിലും പ്രധാനപ്പെട്ട ഭാഗമാകുന്നുണ്ട്.
തൈറോയ്ഡ് ഹോർമോണുകൾ
പ്രധാനമായും മൂന്നുതരം ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നത്. 1. T4 (thyroxine), 2. T3 (triiodothyronin), 3. Calcitonin എന്നിവയാണത്. നമ്മുടെ ശരീരത്തിലെ മറ്റൊരു അവയവമായ പീറ്റ്യൂട്ടറി ഗ്രന്ഥിയിൽനിന്നും ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ ആണ് തൈറോയ്ഡ് കോശങ്ങളെ ഈ ഹോർമോണുകൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നത്. ഈ ഹോർമോൺ ഉൽപാദനത്തിന് അയഡിൻ അത്യാവശ്യമാണ്. അതുകൊണ്ടാണ് തൈറോയ്ഡ് ഹോർമോൺ തകരാറുകളുള്ളവർ അയഡിൻ അടങ്ങിയ പച്ചക്കറികളും ഉപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് പറയുന്നത്.
ഹൈപ്പോതൈറോയ്ഡിസം
രക്തത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് സാധാരണത്തേക്കാൾ കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. ഇത് സാധാരണമായി കണ്ടുവരുന്നതും പല കാരണങ്ങൾകൊണ്ട് കൃത്യസമയത്ത് കണ്ടെത്താതെ, ശരിയായി പരിഹരിക്കപ്പെടാതെ പോകുന്ന അസുഖമാണ്.
ലക്ഷണങ്ങൾ
•പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ അനുഭവപ്പെടുന്ന ക്ഷീണവും മടിയും
•ഭക്ഷണം കൂടുതൽ കഴിക്കാതെ തന്നെ അകാരണമായി വണ്ണം വെക്കൽ
•സ്ത്രീകളിൽ കാണുന്ന ആർത്തവ ക്രമക്കേടുകൾ
•പേശികളിൽ വേദനയും കടച്ചിലും, പേശികൾ കോച്ചിപ്പിടിക്കൽ
•അകാരണമായി ഉണ്ടാകുന്ന ആകുലതകൾ
•ഉറക്കക്കുറവ്
•സാധാരണയിൽ കുറയുന്ന ഹൃദയമിടിപ്പ്
•മുടികൊഴിച്ചിൽ
•തണുപ്പ് സഹിക്കാനുള്ള ബുദ്ധിമുട്ട്
•മലബന്ധം
•ഉന്മേഷക്കുറവ്, താൽപര്യമില്ലായ്മ
•ഓർമക്കുറവ്
•വിഷാദം
പ്രധാന കാരണങ്ങൾ
•ശരീരത്തിൽ അയഡിന്റെ അളവ് കുറയുമ്പോൾ തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉൽപാദനം ആവശ്യമായ തോതിൽ നടത്താൻ കഴിയാതെ വരുന്നു
•തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന പഴുപ്പുകൾ
•എന്തെങ്കിലും കാരണവശാൽ തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്തവർക്കും ഈ അവസ്ഥ വരാം.
ഹൈപ്പർ തൈറോയ്ഡിസം
രക്തത്തിൽ തൈറോയ്ഡ് ഹോർമോൺ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണിത്.
ലക്ഷണങ്ങൾ
•സാധാരണയിൽ കൂടിയ ഹൃദയമിടിപ്പ്. നെഞ്ചിടിപ്പും കിതപ്പും
•ആവശ്യത്തിന് ഭക്ഷണം കഴിച്ചിട്ടും ശരീരം മെലിഞ്ഞുവരുന്നു
•വിശപ്പ് കൂടുതൽ
•സ്ത്രീകളിൽ കാണുന്ന ആർത്തവ ക്രമക്കേടുകൾ
•വിറയലും വെപ്രാളവും
•വയറിളക്കം. ഒരു ദിവസം തന്നെ രണ്ടോ അതിലധികമോ തവണകളായി മലവിസർജനം വേണ്ടി വരുന്നു
•മുടി കൊഴിച്ചിലും മുടിയുടെ ബലക്കുറവും
•പേശികൾക്ക് അനുഭവപ്പെടുന്ന ബലക്കുറവ്
•കാലിലും കൈയിലും നീർക്കെട്ട് അനുഭവപ്പെടുന്നു
കാരണങ്ങൾ
•തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ
•തൈറോയ്ഡ് ഗ്രന്ഥിയുടെ പഴുപ്പുകൾ
•കൂടുതൽ അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കൽ
•തൈറോയ്ഡ് കാൻസർ
തൈറോയ്ഡ് ഹോർമോണിന്റെ അളവ് രക്തത്തിൽ കൂടിയാലും കുറഞ്ഞാലും ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. അതിനാൽതന്നെ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾതന്നെ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തി കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
ഇവ കൂടാതെ തൈറോയ്ഡ് കാൻസർ, തൊണ്ടമുഴ തുടങ്ങി അനേകം അസുഖങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയിൽ ബാധിക്കാം. പീറ്റ്യൂറ്ററി ഗ്രന്ഥിയെ ബാധിക്കുന്ന ചില അസുഖങ്ങൾ കാരണവും തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ ക്രമക്കേടുകൾ വരാം.
പരിഹാര മാർഗങ്ങൾ
•വ്യായാമം ശീലമാക്കാം
•അനാവശ്യ ചിന്തകളും വിഷമങ്ങളും ഒഴിവാക്കി സമാധാനപരമായ അന്തരീക്ഷം രൂപപ്പെടുത്താൻ ശ്രമിക്കുക
•കാർബോ ഹൈഡ്രേറ്റ് ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക
•ആരോഗ്യപരമായ ശരീര ഭാരം നിലനിർത്താൻ ശ്രദ്ധിക്കുക
•അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കുറക്കുക
ശരിയായ രോഗനിർണയവും ശരിയായ ചികിത്സയും തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹോമിയോപ്പതിയിൽ തൈറോയ്ഡ് രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കൃത്യമായ മരുന്നുകളും ജീവിതശൈലിയിൽ വരുത്തുന്ന ആരോഗ്യപരമായ മാറ്റങ്ങളും കൊണ്ട് ഈ രോഗങ്ങളിൽനിന്നും പൂർണമായും മുക്തി നേടാം.
തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനങ്ങൾ
നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങൾ ദഹിപ്പിച്ച് അതിൽനിന്നും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് മെറ്റബോളിസം. മെറ്റബോളിസത്തിൽ സുപ്രധാന പങ്ക് തൈറോയ്ഡ് ഹോർമോൺ വഹിക്കുന്നുണ്ട്. ശരീരത്തിലെ എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കാൻ ഈ ഊർജം അത്യാവശ്യമാണ്. തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഈ ഊർജ ഉൽപാദന വിനിമയ പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുകയും മൊത്തം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ അവസ്ഥയെ മാറ്റി ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.