ഇന്ന് പ്രമേഹദിനം;പ്രമേഹത്തെ മരുന്നുകളില്ലാതെ പ്രതിരോധിക്കാം
text_fieldsഈ വർഷത്തെ പ്രമേഹ ദിനാചരണത്തിലെ പ്രധാന പ്രമേയം പ്രമേഹത്തെ നമുക്ക് മരുന്നുകളില്ലാതെ മാറ്റിയെടുക്കാമെന്നതാണ്. വ്യായാമം, ഭക്ഷണക്രമം എന്നിവയാണ് ഇതിനുള്ള മാർഗം. എങ്ങനെ വ്യായാമം ചെയ്യണമെന്ന് പലർക്കും അറിയില്ല. നടത്തമാണ് പ്രധാനം. നടക്കുന്നതിന് ഓരോരുത്തർക്കും അവരുടേതായ വേഗം ചിട്ടപ്പെടുത്തണം. 200ൽനിന്ന് നമ്മുടെ വയസ്സ് കുറച്ചാൽ കിട്ടുന്ന സംഖ്യയുമായി താരതമ്യം ചെയ്താണ് വേഗം ചിട്ടപ്പെടുത്തേണ്ടത്. 50 വയസ്സുള്ള ഒരാളാണെങ്കിൽ 200-50 = 150. നടക്കുമ്പോൾ അയാളുടെ ഹൃദയത്തിന്റെ മിടിപ്പ് 100നും 150 ഇടയിലിരിക്കുക എന്നതാണ്. 150ന് മുകളിലാണെങ്കിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടും.
100ന് താഴെയാണെങ്കിൽ നടപ്പുകൊണ്ട് പ്രയോജനമില്ല. നടക്കുമ്പോൾ ഒരു ഹെൽത്ത് ബാൻഡ് അല്ലെങ്കിൽ റിസ് ബാൻഡ് എന്ന ഉപകരണം കൈയിൽ കെട്ടുക. 200 മൈനസ് നമ്മുടെ വയസ്സ് എന്ന പൾസ് റേറ്റ് വരത്തക്ക രീതിയിൽ നടത്തത്തിന്റെ വേഗം കണ്ടുപിടിച്ച് ആ വേഗത്തിൽ ആദ്യത്തെ രണ്ടാഴ്ച അഞ്ച് മിനിറ്റ് നടക്കുക. അതിനുശേഷം 10 മിനിറ്റാക്കുക. അതിനുശേഷം 15 മിനിറ്റാക്കുക. അങ്ങനെ 15 മിനിറ്റ് അങ്ങോട്ട് പോയാൽ 15 മിനിറ്റ് ഇങ്ങോട്ടും വരണം. ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുക. പ്രമേഹബാധിതർ അവരുടെ ഗ്ലൂക്കോസ്, ഷുഗർ ലെവൽ നോക്കിയിട്ടേ നടക്കാൻ പാടുള്ളൂ. ഷുഗർ ലെവൽ 100ന് താഴെയാണെങ്കിലും 250ന് മുകളിലാണെങ്കിലും നടക്കാൻ പാടില്ല.
സമയത്തിന് ഭക്ഷണം കഴിക്കുക
നമ്മുടെ ശരീരത്തിനകത്ത് തന്നെ ഒരു ക്ലോക്കുണ്ട്. ആക്ലോക്കിന് അനുസൃതമായാണ് ഹോർമോണുകളെല്ലാമുണ്ടാകുന്നത്. ശരിയായ രീതിയിൽ പ്രമേഹത്തെ നിയന്ത്രിക്കണമെങ്കിൽ സമയത്ത് ഭക്ഷണം കഴിക്കണം. എട്ടിനും ഒമ്പതിനുമിടയിൽ രാവിലത്തെ ഭക്ഷണം.
ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയിൽ ഉച്ചഭക്ഷണം. രാത്രി എട്ടിനും ഒമ്പതിനും ഇടയിൽ അത്താഴം എന്നിങ്ങനെ മൂന്ന് നേരത്തെ മെയിൻ ഭക്ഷണക്രമം. മരുന്നുകഴിക്കുന്ന രോഗികൾ രാവിലെ 11നും വൈകീട്ട് നാലിനും ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഒന്നുകിൽ ആരോറൂട്ടിന്റെ മൂന്നോ നാലോ ബിസ്കറ്റ്, അല്ലങ്കിൽ ഒരു ഗ്ലാസ് ഓട്സ് അല്ലെങ്കിൽ കഴിക്കാൻ കഴിയുന്ന പഴങ്ങളിൽ ഏതെങ്കിലുമൊന്ന്. ഇങ്ങനെ അഞ്ച് നേരങ്ങളിൽ വേണം പ്രമേഹബാധിതർ കഴിക്കാൻ.
എന്ത് കഴിക്കണം
ഒഴിവാക്കേണ്ടത് മൈദ, റവ, ഗോതമ്പ്. ഗോതമ്പിലടങ്ങിയിരിക്കുന്ന ഗ്ലൂട്ടൈൻ പാൻക്രിയാസിനകത്തെ ബീറ്റകോശങ്ങളെ പെർമെനന്റായി നശിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
തവിടുള്ള ചുമന്ന അരിയുടെ അപ്പം, ഇഡ്ഡലി, ദോശ, പുട്ട്, ഇലയപ്പം തുടങ്ങിയവയൊക്കെ കഴിക്കാം. ഇതിന്റെ കൂടെ വെജിറ്റബിൾ കറി, ചിക്കൻകറി, മീൻ കറി, മുട്ടക്കറി ഇവയൊക്കെ കഴിക്കാം. മുട്ട ഒരു ദിവസം രണ്ടെണ്ണം കഴിക്കാം. പുതിയ പഠനം മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഇല്ല എന്നാണ്.
ഒഴിവാക്കേണ്ടത്: വറുത്ത സാധനങ്ങൾ, മെഴുക്കുപുരട്ടി, അച്ചാർ, കക്ക, ഞണ്ട്, ബീഫ്, ബേക്കറി, പപ്പടം. കപ്പ ഒരു കാരണവശാലും കഴിക്കരുത്.
വ്യായാമവും ആഹാര ക്രമവും പാലിച്ചാൽ ഒരു പരിധിവരെ പ്രമേഹത്തെ നമുക്ക് തടയാം. ഇതുകൊണ്ടും നിയന്ത്രിക്കാൻ ആകാത്ത ആൾക്കാർ മാത്രമേ മരുന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ച് രണ്ട് മൂന്നു മാസംകൊണ്ട് പതുക്കെപതുക്കെ മരുന്നിന്റെ അളവ് കുറച്ച് കൊണ്ടുവന്ന് ഒരു പരിധിവരെ പ്രമേഹത്തിന്റെ സങ്കീർണത ബാധിക്കുന്നതിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയും.
ഡോ. റിജു ഖാദർ
(കൺസൾട്ടന്റ് ഫിസിഷൻ ആൻഡ്
ഡയബറ്റോളജിസ്റ്റ്,കൃപ വെൽനസ്
ക്ലിനിക് ആൻഡ് ഡയബറ്റിക്
റിസർച് സെന്റർ,
വില്ലേജ് ഓഫിസിന് സമീപം,
കായംകുളം. ഫോൺ: 9447462348)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.