ഇന്ന് ലോക എയ്ഡ്സ് ദിനം: എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂനിറ്റുകൾ ജില്ലയിൽ സജീവം
text_fieldsകൽപറ്റ: എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂനിറ്റുകൾ ജില്ലയിൽ സജീവം. എച്ച്.ഐ.വി പ്രതിരോധത്തിന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ സമഗ്രമായ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. 2023 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ജില്ലയിൽ 12685 പേർ എച്ച്.ഐ.വി ടെസ്റ്റിന് വിധേയരാവുകയും അതിൽ 12 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 2022 ജനുവരി മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ 14715 പേർ എച്ച്.ഐ.വി ടെസ്റ്റിന് വിധേയരായതിൽ 18 പേർക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. എച്ച്.ഐ.വി പോസിറ്റീവ് ആയ മുഴുവൻ ആളുകൾക്കും എ.ആർ.ടി ചികിത്സ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്
വയനാട് മെഡിക്കൽ കോളജ് കോമ്പൗണ്ടിലുള്ള "ഉഷസ് "എച്ച്.ഐ.വി ചികിത്സ കേന്ദ്രത്തിൽ നിലവിൽ 136 പേർക്ക് ആന്റിരേട്രോവിറൽ തെറപ്പി ചികിത്സ നൽകുന്നുണ്ട് . 2023ൽ എ.ആർ.ടി സെന്ററിൽ 12 പുതിയ എച്ച്.ഐ.വി പോസിറ്റീവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എച്ച്.ഐ.വി ടെസ്റ്റിനും കൗൺസിലിങ്ങിനുമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അഞ്ച് ഐ.സി.ടി.സി ( ഇന്റഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്റ്റിങ് സെന്റർ), 26 എഫ്.ഐ.സി.ടി.സി (ഫെസിലിറ്റി ഇന്റഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്റ്റിങ് സെന്റർ) എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എച്ച്.ഐ.വി പരിശോധനയും കൗൺസിലിങ്ങും സൗജന്യമായി നൽകുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
എച്ച്.ഐ.വി അണുബാധ സാധ്യത കൂടുതലുള്ളവർക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടു സുരക്ഷ പ്രൊജക്ടുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഫ്ളൈയിം, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്തുന്നത്.
എ.ആർ.ടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്.ഐ.വി അണുബാധിതർക്ക് ആവശ്യമായ തുടർസേവനങ്ങൾ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ തന്നെ കൂട്ടായ്മയായ വിഹാൻ കെയർ സപ്പോർട്ട് സെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്.ഐ.വി ബാധിതർക്കായി പോഷകാഹാര വിതരണ, സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായ, സൗജന്യ ചികിത്സയും പരിശോധനകളും ജില്ലയിൽ നടപ്പിലാക്കിവരുന്നുണ്ട്.
കേരള സാമൂഹ്യ സുരക്ഷമിഷന്റെ സഹായത്തോടെ ആശുപത്രികളിൽ പരിചരണം ആവശ്യമായ എച്ച്.ഐ.വി അണുബാധിതർക്ക് കൂട്ടിരിക്കാൻ സഹായിയെ നൽകുന്നതിനുള്ള ട്രീറ്റ്മെന്റ് കെയർ ടീം നിലവിൽ ഉണ്ട്. കൂടാതെ ലൈഫ് പദ്ധതിയിൽ എച്ച്.ഐ.വി ബാധിതർക്ക് മുൻഗണന നൽകുകയും എല്ലാ എച്ച്.ഐ.വി അണുബാധിതരെയും ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂനിറ്റിന്റെ ജില്ലതല യോഗം കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്നു. എയ്ഡ്സിനെതിരെയുള്ള വ്യാപക ബോധവത്കരണം ജില്ലയിൽ സംഘടിപ്പിക്കുന്നതിനും സാമൂഹിക അവബോധം സൃഷ്ടിച്ച് തെറ്റിദ്ധാരണകൾ മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
ബോധവത്കരണ റാലി ഇന്ന്
കൽപറ്റ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ബോധവത്കരണ റാലി എസ്.കെ.എം.ജെ സ്കൂളിൽ സമാപിക്കും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷതവഹിക്കും. ജില്ല കലക്ടര് ഡോ. രേണുരാജ് മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.