ക്ഷയരോഗ നിയന്ത്രണവും കേരളത്തിലെ ആദിവാസികളും
text_fieldsലോകത്ത് ക്ഷയ (ടി.ബി- ട്യൂബർകുലോസിസ്) രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കയാണെങ്കിലും, രോഗത്തെ പിടിച്ചുകെട്ടി എന്നു പറയാനായിട്ടില്ല. കഴിഞ്ഞ വർഷം മാത്രം ഒരു കോടി പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയും അതിൽ 14 ലക്ഷം പേർ മരണത്തിന് കീഴടങ്ങിയെന്നുമാണ് ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് (2020)വ്യക്തമാക്കുന്നത്. രണ്ട് വർഷം മുമ്പ്, ലോകാരോഗ്യ സംഘടനയും സമാനമായൊരു കണക്ക് പുറത്തുവിട്ടു. അതനുസരിച്ച്, ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്ഷയരോഗികളിൽ നാലിലൊന്നും ഇന്ത്യയിലാണത്രെ. ലക്ഷം പേരിൽ 211 എന്ന നിരക്കിൽ ഇന്ത്യയിൽ ടി.ബി റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത്.
1962 മുതൽ തന്നെ, ക്ഷയ രോഗ നിവാരണത്തിനായി നമ്മുടെ രാജ്യത്ത് പലവിധ പദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. 1997 മുതൽ റിവേഴ്സ്ഡ് നാഷനൽ ട്യൂബർകുലോസിസ് കൺേട്രാൾ പ്രോഗ്രാം (ആർ.എൻ.ടി.പി.സി) എന്ന പേരിൽ ഇൗ പദ്ധതി കൂടുതൽ ഉൗർജ്ജിതപ്പെടുത്തുകയും ചെയ്തു. അതിന് ഫലവുമുണ്ടായിട്ടുണ്ട്. മേൽ സൂചിപ്പിച്ച കണക്കുകൾ യാഥാർഥ്യമായിരിക്കെതന്നെ, മുൻകാലങ്ങളിലേതിനേക്കാൾ താരതമ്യേന കുറവാണ് നിലവിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ ക്ഷയരോഗ നിയന്ത്രണം എന്ന മുദ്രാവാക്യത്തിൽനിന്ന് ക്ഷയരോഗ നിർമാർജ്ജനം എന്നതിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ക്ഷയമുക്തമാക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലേക്ക് വരുേമ്പാൾ, കാര്യങ്ങൾ കൂറച്ചുകുടി ആശാവഹമാണ്. ദേശീയ ശരാശരിയേക്കാൾ കുറവാണ് ഇവിടെ ടി.ബി റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുത്താവുന്ന ഒന്നു തന്നെയാണിത്. ഇൗ ആരോഗ്യ മോഡലിന് അപവാദമായി നിലകൊള്ളുന്ന ചില ദേശങ്ങളും സംസ്ഥാനത്തുണ്ട്. കേരളത്തിെല ആദിവാസി മേഖലകളാണ് അതിലൊന്ന്. കേരള ആരോഗ്യ മോഡലിെൻറ ഭാഗമായി നിലകൊള്ളുന്ന പശ്ചാത്തല സൗകര്യങ്ങേളാ മറ്റോ ഇല്ലാത്ത ഇൗ മേഖലകളിൽ താരതമ്യേന ക്ഷയ രോഗികളുടെ എണ്ണം കൂടുതലാണ്. ദേശീയ തലത്തിൽ തന്നെ ഇൗ പ്രതിഭാസം കാണാമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, അരികുവത്കരിക്കപ്പെട്ട ഇൗ സമൂഹത്തിന് കാര്യമായ പരിഗണന നൽകിക്കൊണ്ടു മാത്രമേ ക്ഷയ രോഗ നിർമാർജനജം സാധ്യമാകൂ.
ഇൗ സാഹചര്യത്തിൽ, കേരളത്തിലെ ആദിവാസികളിൽ മൂന്നിലൊന്നും താമസിക്കുന്ന ജില്ലയായ വയനാട്ടിലെ സ്ഥിതി എന്തെന്ന് പരിശോധിക്കുന്നത് ഉചിതമാകും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ജില്ലയിൽ വിപുലമായ ക്ഷയരോഗ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2001 മുതൽ തന്നെ ഇവിടെ ആർ.എൻ.ടി.പി.സിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ ടി.ബി കേന്ദ്രമാണ് ജില്ലയിലെ ക്ഷയനിർമാർജന യജ്ഞങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ജില്ലാ കേന്ദ്രത്തിനു കീഴിൽ മൂന്ന് താലൂക്കുകളിലായി (മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി) മൂന്ന് യൂനിറ്റുകളും പ്രവർത്തിക്കുന്നു. ഇവിടെ ഒാരോ മെഡിക്കൽ ഒാഫിസർ (എം.ഒ.ടി.സി) പ്രവർത്തിക്കുന്നു. എം.ഒ.ടി.സിക്കാണ് ആ താലൂക്കിെൻറ ചാർജ്. ഒാരോ യൂനിറ്റിലും ദേശീയ ക്ഷയരോഗ നിർമാർജ്ജന പദ്ധതികളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമിക്കുന്ന രണ്ട് സ്റ്റാഫുകളുണ്ടായിരിക്കും.
അതിലൊരാൾ ലാബ് ടെക്നീഷ്യനായിരിക്കും (സീനിയർ ടി.ബി ലാബ് സൂപ്പർവൈസർ). ഇതിനുപുറമെ, ജില്ലാ കേന്ദ്രത്തിൽ കൗൺസിലർമാരും ഉണ്ട്. ഒരു താലൂക്ക് ടി.ബി യൂനിറ്റിന് കീഴിൽ അഞ്ചോ ആറോ പെരിഫറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നു. അതാത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ഇൗ ഇൻസ്റ്റിറ്റ്യുട്ടുകൾ വഴിയാണ് രോഗികളെ കണ്ടെത്തുന്നത്. രോഗം സംശയിക്കുന്നവരുടെ കഫം സാമ്പിളുകൾ ഇൗ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാർ വഴിയാണ് ശേഖരിക്കുന്നത്. ശേഖരിക്കപ്പെടുന്ന സാമ്പിളുകൾ ടെസ്റ്റിനായി യൂനിറ്റുകളിൽഎത്തിക്കും. തുടർന്നാണ് രോഗനിർണയം നടത്തുന്നത്. രോഗ നിർണയത്തിന് വിപുലമായ സംവിധാനങ്ങളും ഇപ്പോൾ ആരോഗ്യ കേന്ദ്രങ്ങളിലുണ്ട്. അതിനിസാരമായ രോഗാണുവിനെപ്പോലും കണ്ടെത്താൻ സഹായിക്കുന്ന സിബി നാറ്റ് (Cartridge Based Nucleic Acid Amplification Test ) പരിശോധനക്കുള്ള രണ്ട് യൂനിറ്റുകൾ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇത്രയും വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഇൗ പിന്നാക്ക ജില്ലയിൽ കാര്യമായ മാറ്റങ്ങൾ സാധ്യമാക്കി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാനന്തവാടി യൂനിറ്റിൽ ചികിത്സക്കെത്തുന്ന രോഗികളിൽ നാലിലൊന്നും ഇപ്പോൾ ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. ഇൗ മേഖലയിൽ അധിവസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപെടുന്ന ആദിവാസികളിൽ വലിയൊരു വിഭാഗവും ജില്ലാ ടി.ബി കേന്ദ്രത്തെ തന്നെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. 2018ൽ ഇവിടെ നടന്ന ഒരു പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (പഠനത്തിെൻറ വിശദാംശങ്ങൾ ജേർണൽ ഒാഫ് ട്യൂബർകുലോസിസ് റിസേർച്ചിൽ ലഭ്യമാണ്). പ്രസ്തുത സംഘം 2018 ജനുവരി മുതൽ ജൂൺ വരെയുള്ള കാലത്തെ കണക്ക് പരിശോധിച്ചപ്പോൾ 663 പേർ ചികിത്സാക്കായി രജിസ്റ്റർ ചെയ്തതായി മനസിലാക്കി. ഇതിൽ 162 പേരും (24 ശതമാനം) ആദിവാസികളായിരുന്നു. മറ്റൊരർഥത്തിൽ, മുഖ്യധാര ജനവിഭാങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ തന്നെ പിന്നാക്ക ജില്ലയായ വയനാട്ടിൽ ആദിവാസികൾക്കും ടി.ബി. ചികിത്സ ലഭിക്കുന്നുണ്ട്. താഴെ തട്ടിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാരുടെ സേവനമാണ് ഇതിനുപിന്നിലെന്ന് ആരോഗ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
ചികിത്സാ സൗകര്യങ്ങൾ താഴെ തട്ടിലേക്ക് വ്യാപിച്ചപ്പോൾ ആദിവാസികൾ അടക്കമുള്ള ജനവിഭാങ്ങളുടെ സമീപനത്തിലും കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും പഠനങ്ങൾ തെളിയിക്കുന്നു. നേരത്തെ, ആധുനിക വൈദ്യത്തിനു പകരം പാരമ്പര്യ ചികിത്സയിൽ അഭയം തേടുന്നവരായിരുന്നു ഭൂരിഭാഗം പേരും. ചിലർ വിശ്വാസ ചികിത്സയും പരീക്ഷിക്കാറുണ്ടായിരുന്നു. ആ സമീപനത്തിന് കാര്യമായ മാറ്റം കണ്ടുതുടങ്ങി. മേൽ സുചിപ്പിച്ച പഠന പ്രകാരം, പ്രസ്തുത സംഘം നടത്തിയ സർവേയിൽ കേവലം മൂന്ന് പേർ മാത്രമാണ് വിശ്വാസ ചികിത്സ തേടിയത്. ആയുഷ് വകുപ്പിനുകീഴിലുള്ള ചികിത്സകളെ ആശ്രയിക്കുന്നവരും കുറവാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. പൂർണമായും സൗജന്യമായി നൽകപ്പെടുന്ന ആധുനിക വൈദ്യ ചികിത്സെക്കാപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഒരു േരാഗിയെ തിരിച്ചറിഞ്ഞാൽ ആ കുടുംബത്തെയും അയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും നിരീക്ഷണ വിധേയമാക്കിയുള്ള ചികിത്സാപദ്ധതി കൂടുതൽ ഫലപ്രദമാകുന്നുണ്ട്.
ഏതാണ്ട് ആറ് മാസം നീളുന്നതാണ് ചികിത്സാ കാലയളവ്. ഇൗ കാലയളവിൽ ആരോഗ്യ പ്രവർത്തകർ രോഗിയുമായും അയാളുടെ കുടുംബവുമായും ബന്ധം സ്ഥാപിച്ച് ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ടി.ബിക്ക് കാരണമാകുന്ന മദ്യപാനം, പുകവലി പോലുള്ള ശീലങ്ങൾ പൂർണമായും വർജ്ജിക്കാനും രോഗിയെയും കുടുംബത്തെയും ഇത് പ്രേരിപ്പിക്കുന്നു. മുമ്പ്, രോഗം പൂർണമായും ഭേദമാകും മുേമ്പ ചികിത്സ അവസാനിപ്പിക്കുന്ന പതിവ് ആദിവാസികൾക്കിടയിലുണ്ടായിരുന്നു. തുടർച്ചയായി ആറ് മാസത്തെ ചികിത്സ എന്നത് അവരെ സംബന്ധിച്ച് പ്രയാസമാണ്. ഇൗ തൊഴിലെടുക്കാനും മറ്റും സാധിക്കാതെ വരും. അതിനാൽ, കഠിനരോഗത്തിൽനിന്ന് കേവല മുക്തി നേടിയാൽ തന്നെ അവർ ചികിത്സ മതിയാക്കി ദൈനംദിന പ്രവർത്തിയിൽ ഏർപ്പെടും. ഇൗ പ്രതിസന്ധി മറികടക്കാൻ രോഗിക്ക് ചികിത്സാ കാലയളവിൽ മാസം തോറും നിശ്ചിത തുക സർക്കാർ നൽകുന്നുണ്ട്. രോഗി അതാത് ടി.ബി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുന്നതോടെ തന്നെ, ബാങ്ക് അക്കൗണ്ട് വഴി ഇൗ തുക എത്തും. ഇതുവഴി ചികിത്സാ കാലയളവിലുള്ള കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാകും.
കാര്യങ്ങൾ ഇൗ രീതിയിൽ പുേരാഗമിക്കുന്നുണ്ടെങ്കിലും അധികാരികളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട പല വിഷയങ്ങളുമുണ്ട്. താഴെതട്ടിൽ ആരോഗ്യ പ്രവർത്തകർ പണിയെടുക്കുന്നുണ്ടെങ്കിലും ആദിവാസികൾക്ക് ആശുപത്രി ചികിത്സ എന്നത് ഇപ്പോഴും വലിയ കടമ്പ തന്നെയാണ്. അവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ മുലം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ പല രൂപത്തി നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ ചികിത്സാ സൗകര്യങ്ങളും നന്നേ കുറവാണ്. നിലവിലുള്ള ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിച്ചുള്ള ടി.ബി കേന്ദ്രങ്ങൾ തന്നെയാണ് ഇപ്പോഴൂം ഇവിടെയുള്ളത്. ഇവിടെ, കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ജീവനക്കാരുമാണുള്ളത്. വയനാടിെൻറ സവിശേഷമായ സാഹചര്യത്തിൽ കുടുതൽ ആരോഗ്യ കേന്ദ്രങ്ങളും ജീവനക്കാരും അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.