മൃഗശാലയിൽ ക്ഷയരോഗ ഭീഷണി; മനുഷ്യരിലേക്ക് പകരാതിരിക്കാൻ മുൻകരുതലിന് നിർദേശം
text_fieldsതിരുവനന്തപുരം: മൃഗശാലയിലെ ക്ഷയരോഗ ഭീഷണിയുടെ സാഹചര്യത്തിൽ രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാൻ മന്ത്രി ജെ. ചിഞ്ചുറാണി നിർദേശം നൽകി. അതിന്റെ ഭാഗമായി ജീവനക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.
ആവശ്യമുള്ളവർക്ക് ചികിത്സ ലഭ്യമാക്കും. രോഗമുള്ള മൃഗങ്ങളുമായി ഇടപെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മൃഗശാല ജീവനക്കാർക്ക് ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥയിൽ മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. അതിനാൽ സന്ദർശകരെ നിയന്ത്രിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ക്ഷയരോഗം ബാധിച്ച് മൃഗങ്ങൾ ചത്തൊടുങ്ങുന്ന സാഹചര്യം നേരിട്ട് വിലയിരുത്താനും മൃഗശാലയിലെ സൗകര്യങ്ങൾ പരിശോധിക്കാനും മിന്നൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മൃഗശാലയിൽ എത്തിയ മന്ത്രി ഓരോ കൂടിനരികിലുമെത്തി കാര്യങ്ങൾ നിരീക്ഷിച്ചു.
മ്യൂസിയം അവധിയായതിനാൽ സന്ദർശകർ ഇല്ലായിരുന്നു. രോഗം ബാധിച്ച മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യം കുറവാണെന്ന് മൃഗശാല ജീവനക്കാർ മന്ത്രിയെ അറിയിച്ചു. രോഗം ബാധിച്ച മൃഗങ്ങളെ പരിചരിക്കുന്നവർ നിർബന്ധമായും മാസ്ക്, ൈകയുറ, ബൂട്ട് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
പല ജീവനക്കാരും ഒരു മുൻകരുതൽ നടപടികളും സ്വീകരിക്കതെയാണ് മൃഗങ്ങളുമായി ഇടപഴകുന്നത്. എന്നാൽ അവർക്ക് ആവശ്യമായ സുരക്ഷാ വസ്ത്രങ്ങൾ നൽകിയിട്ടുണ്ടെന്നാണ് മൃഗശാല അധികൃതർ വ്യക്തമാക്കിയത്.
ജീവനക്കാരുടെ പ്രതിനിധികൾ അവരുടെ ആശങ്ക മന്ത്രിയെ അറിയിച്ചു. 2022 ഏപ്രിൽ മുതൽ 2023 ജനുവരി 20 വരെ 52 മാനുകൾ ചത്തു എന്നാണ് റിപ്പോർട്ട്. ഇതിൽ 37 എണ്ണം കൃഷ്ണമൃഗങ്ങളും 15 പുള്ളിമാനുകളുമാണ്. രാജ്യത്ത് പല മൃഗശാലകളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രോഗബാധിതരായ മൃഗങ്ങൾക്ക് തണുപ്പും മഴയും ഉള്ള കാലാവസ്ഥ അതിജീവിക്കാൻ ബുദ്ധിമുട്ടായതിനാലാണ് മരണ സംഖ്യ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് (സിയാഡ്) നടത്തിയ പരിശോധനയുടെ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി പഞ്ഞു.
പുതിയ മൃഗങ്ങൾ എത്തും; മൂന്നംഗ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: മൃഗശാലയിലെത്തുന്നവർക്ക് ഇനി ഒഴിഞ്ഞ കൂടുകൾ കാണേണ്ടിവരില്ലെന്നും സിംഹം, കടുവ, ജിറാഫ് തുടങ്ങിയ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. ഇവിടെ അധികമുള്ള മൃഗങ്ങളെ മറ്റു മൃഗശാലകൾക്ക് കൈമാറിക്കൊണ്ട് കൂടുതൽ മൃഗങ്ങളെ എത്തിക്കാൻ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിനായി മുൻ ഡയറക്ടർമാർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. മൃഗശാല വളപ്പിൽ അമ്മമാർക്ക് മുലപ്പാൽ നൽകുന്നതിനുള്ള മുറി, സന്ദർശകർക്കായി ആരംഭിച്ച പ്രൈമേറ്റ് ഇന്റർപ്രട്ടേഷൻ സെന്റർ, സന്ദർശകരുടെ വിശ്രമ കേന്ദ്രം തുടങ്ങിയവ അടച്ചിട്ട നിലയിലായിരുന്നു. പ്രൈമേറ്റ് സെന്റർ 2003ൽ നിർമാണോദ്ഘാടനം കഴിഞ്ഞെങ്കിലും ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. വിവിധയിനം പക്ഷികളുടെ കൂടുകൾ ഉൾപ്പെടെ മോശം അവസ്ഥയിലാണ്. എല്ലാ കൂടുകളും നവീകരിക്കുകയും മൃഗങ്ങളെ സന്ദർശകർക്ക് കാണാൻ കഴിയുന്ന വിധമാക്കുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.