രണ്ടു ഡോസ് പകുതി പേർക്കു മാത്രം; ബൂസ്റ്റർ ഡോസ് സുരക്ഷിതമെന്ന് പഠനം
text_fieldsന്യൂഡൽഹി: രാജ്യത്ത് അർഹരായവരിൽ പകുതി പേർക്ക് മാത്രമാണ് രണ്ടു ഡോസ് വാക്സിൻ നൽകിയതെന്ന് പാർലമെൻറിൽ കേന്ദ്രസർക്കാർ. നൂറു കോടി പേർക്ക് വാക്സിൻ വിതരണം ചെയ്തത് സർക്കാർ ആഘോഷമാക്കി ആഴ്ചകൾക്കകമാണിത്. നവംബർ 30ലെ കണക്കു പ്രകാരം രാജ്യത്ത് 29 ജില്ലകളിൽ രണ്ടാം ഡോസ് എടുത്തവർ പകുതിയിൽ താഴെയാണ്. യഥാസമയം രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർ 12.5 കോടി.
18 വയസ്സിനു മുകളിലുള്ളവർക്കാണ് രണ്ടു ഡോസ് വാക്സിൻ നൽകുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ല. ഒമിക്രോണിെൻറ പശ്ചാത്തലത്തിൽ 40 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് സർക്കാറിെൻറ പരിഗണനയിലാണ്. അർഹരായവരിൽ 50 ശതമാനത്തിനാണ് രണ്ടു ഡോസ് വാക്സിൻ നൽകിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ വെളിപ്പെടുത്തിയത് ഇതിനിടയിലാണ്.
കോവിഡ് സാഹചര്യത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ നിർമിച്ച വാക്സിെൻറ ഫലപ്രാപ്തിയെക്കുറിച്ച് പ്രതിപക്ഷം അനാവശ്യ സംശയങ്ങൾ പ്രകടിപ്പിക്കുന്നത് വാക്സിനേഷൻ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തി. വാക്സിനെടുക്കാൻ പലരും മടിക്കുന്ന സാഹചര്യമുണ്ട്. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ പല കാര്യങ്ങളിലും പൂർണ സഹകരണം വാഗ്ദാനം ചെയ്ത ചില സംസ്ഥാനങ്ങൾ പിന്നീട് വാക്കുമാറ്റി. കോവിഡിനെതിരായ രാജ്യത്തിെൻറ പോരാട്ടം ദുർബലപ്പെടുത്താനാണ് ശ്രമം. സ്വന്തം ലോക്സഭ മണ്ഡലങ്ങളിൽ നൂറുശതമാനം പേർക്കും വാക്സിൻ നൽകിയെന്ന് ഉറപ്പു വരുത്താൻ മന്ത്രി എം.പിമാരെ വെല്ലുവിളിച്ചു. 22 കോടി ഡോസ് വാക്സിൻ ഇപ്പോൾ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ഈ മാസം പത്തുകോടി കൂടി കേന്ദ്രം ലഭ്യമാക്കും. വാക്സിനേഷൻ വേഗത്തിലാക്കാൻ വീടുവീടാന്തരം കയറാനുള്ള നടപടി സർക്കാർ തുടങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിന് രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസും കുട്ടികൾക്ക് ആദ്യ ഡോസും നൽകുന്നത് വിദഗ്ധരുടെ ശാസ്ത്രീയമായ മാർഗനിർദേശങ്ങൾക്ക് കണക്കിലെടുത്തായിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിൻ നൽകുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനമല്ല വേണ്ടത്.
കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചതിെൻറ കണക്ക് പഞ്ചാബ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾ മാത്രമാണ് നൽകിയത്. ഏപ്രിൽ, മേയ് മാസങ്ങളിലായി 1,02,400 ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ഓക്സിജൻ നിർമാണ പ്ലാൻറുകൾ ഓരോ സംസ്ഥാനങ്ങളിലും കൂടുതലായി സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ഓക്സിജെൻറ പ്രതിദിന വിഹിത വിതരണം നിരീക്ഷിക്കുന്നതിന് ഓക്സിജൻ ഡിജിറ്റൽ ട്രാക്കിങ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.
58,000 വെൻറിലേറ്ററുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിൽ 50,200 എണ്ണം സംസ്ഥാനങ്ങൾക്ക് നൽകി. 48,000 എണ്ണം വിവിധ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുണ്ട്.
കോവിഷീൽഡിെൻറ പ്രതിമാസ നിർമാണം 250/275 ദശലക്ഷം ഡോസാണ്. കോവാക്സിൻ 50/60 ദശലക്ഷം ഡോസ് ഉൽപാദിപ്പിക്കുന്നു. രണ്ടു നിർമാണക്കമ്പനികളും 90 ശതമാനം ഉൽപാദന ശേഷിയും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഒമിക്രോൺ വ്യാപനത്തെ കുറിച്ച സംശയങ്ങൾ മുൻനിർത്തി വിദേശത്തു നിന്നു വന്ന 16 യാത്രക്കാരുടെ സാമ്പ്ൾ ജനിതക ശ്രേണീകരണത്തിനയച്ചിട്ടുണ്ട്. അറ്റ് റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന 16,000 യാത്രക്കാർക്ക് ഇതിനകം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൽ 18 പേർ കോവിഡ് ബാധിതരാണ്. ഒമിക്രോൺ സംബന്ധിച്ച സംശയനിവാരണത്തിന് അവരുടെ സാമ്പ്ൾ ജനിതക ശ്രേണീകരണം നടത്തി വരുകയാണെന്ന് മന്ത്രി പറഞ്ഞു.
ബൂസ്റ്റർ ഡോസ് സുരക്ഷിതമെന്ന് പഠനം
ന്യൂഡൽഹി: കോവിഡിനെതിരെ നേരത്തെ രണ്ടു ഡോസ് ആസ്ട്രസെനക, ഫൈസർ വാക്സിൻ എടുത്തവർക്ക്, വ്യത്യസ്ത ബൂസ്റ്റർ ഡോസുകൾ സുരക്ഷിതവും പ്രതിരോധം ഉണ്ടാക്കുന്നതുമാണെന്ന് പഠനം. 'ദ ലാൻസെറ്റ് ജേണലി'ൽ ആണ് ഗവേഷകർ ഇങ്ങനെ പറയുന്നത്. 79 മുതൽ 90 ശതമാനം വരെ സംരക്ഷണമുണ്ടാകും എന്ന് ഇവർ വ്യക്തമാക്കുന്നു. വാക്സിൻ എല്ലാ കാലത്തേക്കുമുള്ള സംരക്ഷണം നൽകുന്നില്ല എന്നതിനാലാണ് ബൂസ്റ്റർ ഡോസുകൾ നൽകുന്നത്.
ബൂസ്റ്റർ ഡോസ് നൽകുമ്പോഴുണ്ടാകുന്ന സുരക്ഷ, പ്രതിരോധ സ്ഥിതി, പാർശ്വഫലം തുടങ്ങിയ കാര്യങ്ങളും ഗവേഷകർ വിലയിരുത്തി. 'ആസ്ട്ര സെനേക', 'ഫൈസർ-ബയോൻടെക്' 'നോവവാക്സ്', 'ജാൻസ്സെൻ', 'മൊഡേണ', 'വാൽനെവ', 'ക്യുറെവാക്' വാക്സിനുകളെ അടിസ്ഥാനമാക്കിയാണ് പഠനം. ഈ വാക്സിനുകളെല്ലാം മൂന്നാം ഡോസിനും സുരക്ഷിതമാണ്. ചെറുതായി ക്ഷീണമുണ്ടാകാം. കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദനക്കും സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.