ഗർഭാശയ അർബുദം; പ്രതിരോധ വാക്സിൻ യജ്ഞം ആരംഭിക്കുന്നു
text_fieldsദുബൈ: ഗർഭാശയ അർബുദം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 13-14 വയസ്സുള്ള പെൺകുട്ടികളിൽ 90 ശതമാനത്തിനും 2030ഓടെ പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിന് ദേശീയ തല യജ്ഞം പ്രഖ്യാപിച്ച് ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഹ്യൂമൻ പാപ്പിലോമ വൈറസി (എച്ച്.പി.വി)നെതിരായ വാക്സിനാണ് വിതരണം ചെയ്യുക.
ആൺകുട്ടികൾക്കുള്ള എച്ച്.പി.വി പ്രതിരോധ വാക്സിനേഷനും 25 വയസ്സ് മുതൽ സ്ത്രീകൾക്ക് പതിവ് ഗർഭാശയ അർബുദ പരിശോധനയും ദേശീയതല വാക്സിനേഷൻ നയത്തിൽ ഉൾപ്പെടുത്തും. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും ലക്ഷ്യമിട്ട് നടന്നുവരുന്ന ദൗത്യങ്ങളുടെ ഭാഗമാണിത്.
വിശാലമായ പൊതുജനാരോഗ്യ സംരംഭത്തിന്റെ ഭാഗമായുള്ള ഈ സമഗ്രപദ്ധതി പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ലോകോത്തര ചികിത്സ എന്നിവയിലൂടെ എച്ച്.പി.വിയുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയിലെ സ്ത്രീകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഗർഭാശയ അർബുദത്തിന്റെ പ്രധാന കാരണം എച്ച്.പി.വി വൈറസുകളാണെന്ന് നാഷനൽ കാന്‍സർ രജിസ്ട്രിയുടെ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, ഇത് നേരത്തേ കണ്ടെത്തുന്നതിനാൽ ദേശീയതലത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആഗോള ശരാശരിയേക്കാൾ വളരെ താഴെയാണെന്നും മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.