411 ദിവസം കോവിഡ് ബാധിതൻ; മധ്യവയസ്കൻ രോഗമുക്തി നേടിയതിങ്ങനെ...
text_fieldsപാരിസ്: ഒരു വർഷത്തിലേറെ കോവിഡ് ബാധിതനായി കഴിഞ്ഞ മധ്യവയസ്കൻ രോഗമുക്തി നേടിയത് അപൂർവ ചികിത്സയിലൂടെ. 59 കാരനാണ് 411 ദിവസം കോവിഡ് പോസിറ്റീവായി തുടർന്നത്. ബ്രിട്ടീഷ് ഗവേഷകർ ജനിതക കോഡുകൾ വിശകലനം ചെയ്ത് നടത്തിയ ചികിത്സയിലാണ് രോഗം ഭേദമായത്.
പതിവ് രോഗികളിൽ നിന്ന് വിഭിന്നമായിരുന്നു ഇദ്ദേഹത്തിന്റെ രോഗലക്ഷണങ്ങൾ. സാധാരണയായി പ്രതിരോധ ശേഷി കുറഞ്ഞവരിൽ മാത്രമാണ് സ്ഥിരമായ കോവിഡ് അണുബാധയുണ്ടാവുക. ഇത്തരം രോഗികൾക്ക് മാസങ്ങളോ വർഷങ്ങളോ കോവിഡ് പോസിറ്റീവായി തുടരാമെന്ന് അണുബാധാ രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ഡോക്ടർ ലൂക്ക് സ്നെൽ പറഞ്ഞു.
കോവിഡ് അണുബാധ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. രോഗബാധിതരിൽ പകുതി പേർക്കും ശ്വാസകോശ പ്രശ്നങ്ങൾ രൂപപ്പെടുകയും അത് സ്ഥിരമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിനു കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും സ്നെൽ കൂട്ടിച്ചേർത്തു.
ഗൈസ് ആന്റ് സെന്റ് തോമസ് എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെയും കിങ്സ് കോളജ് ലണ്ടനിലെയും ഗവേഷകർ ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സ്ഥിരമായ കോവിഡ് ബാധയിൽ നിന്ന് രോഗിയെ രക്ഷിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്നു.
ഈ രോഗിക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ രോഗ പ്രതിരോധ ശേഷി കുറവായിരുന്നു. 2020 ഡിസംബറിലാണ് ഇയാൾക്ക് കോവിഡ് ബാധിക്കുന്നത്. ഈ വർഷം ജനുവരി വരെ പോസിറ്റിവായി തന്നെ തുടർന്നു.
ഇദ്ദേഹത്തിന് പലവതണ കോവിഡ് ബാധിച്ചതാണോ സ്ഥരമായി കോവിഡ് വന്നതാണോ എന്നറിയാൻ ഗവേഷകർ നാനോപോർ സീക്വൻസിങ് ടെക്നോളജി ഉപയോഗിച്ച് ജനിതക പഠനം നടത്തി. അതിന്റെ ഫലത്തിൽ കോവിഡിന്റെ ആദ്യകാല വകഭേദമായ ബി.വൺ ആണ് ഇയാൾക്ക് ബാധിച്ചതെന്ന് കണ്ടെത്തി. 2020കളിലാണ് കോവിഡ് ബി വൺ വകഭേദം ഉണ്ടായിരുന്നത്. പിന്നീട് പല വകഭേദങ്ങളും വന്നു. എന്നാൽ ഈ രോഗിക്ക് കോവിഡ് ബി വൺ മാത്രമാണ് ബാധിച്ചിരുന്നത്. അതോടെ രോഗിയുടെത് സ്ഥിര രോഗമാണെന്നും പലതവണ കോവിഡ് ബാധിച്ചതല്ലെന്നും വ്യക്തമായതായി ഗവേഷകർ പറയുന്നു.
തുടർന്ന് കാസിരിവിമാബ്, ഇംഡെവിമാബ് മോണോക്ലോണൽ ആന്റിബോഡികളുടെ സംയുക്തമാണ് മരുന്നായി നൽകിയത്. ഇത് വ്യാപകമായി ഉപയോഗിച്ച മരുന്നായിരുന്നില്ല. പുതിയ വകഭേദമായ ഒമിക്രോണിനെതിരെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ രോഗത്തിന്റെ ആദ്യഘട്ടത്തിലെ വകഭേദമാണ് ഇദ്ദേഹത്തെ പിടികൂടിയത് എന്നതിനാൽ രോഗം ഭേദമായി.
അതേസമയം, യു.കെ, യൂറോപ്യൻ യൂനിയൻ, യു.എസ് എന്നിവിടങ്ങളിലെല്ലാം എല്ലാ മരുന്നുകളെയും പ്രതിരോധിക്കുന്ന പുതിയ വകഭേദങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് സ്െനൽ പറഞ്ഞു.
ഏപ്രിലിൽ കോവിഡ് ബാധിച്ച് ഗുരുതരമായി കഴിയുന്ന 60 കാരനായ രോഗിക്ക് ഈ വർഷം ആഗസ്റ്റിൽ എല്ലാതരത്തിലുള്ള മരുന്നുകളും പരീക്ഷിച്ചിട്ടും രോഗം മാറിയില്ല. അദ്ദേഹം മരിച്ചു പോകുമെന്ന് തന്നെ തങ്ങൾ ഭയന്നുവെന്ന് സ്നെൽ പറഞ്ഞു. തുടർന്ന് മുമ്പ് ചേർത്ത് ഉപയോഗിക്കാത്ത രണ്ട് ആന്റിവൈറൽ മരുന്നുകൾ പാക്സോലിഡും റെംഡിസിവിറും യോജിപ്പിച്ച് നൽകി. രോഗി അബോധാവസ്ഥയിലായതിനാൽ ട്യൂബ് വഴി മൂക്കിലൂടെയാണ് നൽകിയത്. അദ്ദേഹത്തിന് മരുന്ന് പ്രയോജനപ്പെട്ടു. രോഗം ഭേദമായെന്നും സ്നെൽ കൂട്ടിച്ചേർത്തു. എന്നാൽ ഈ ചികിത്സാ രീതികൾ സാധാരണ കോവിഡ് ബാധക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.