ചികുൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും
text_fieldsവാഷിങ്ടൺ: ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ 'ഇക്സ്ചിക്' എന്ന പേരിൽ വിപണിയിൽ ഇറക്കും. 18 വയസിന് മുകളിലുള്ളവർ ഒറ്റ ഡോസ് ആയി വാക്സിൻ എടുക്കേണ്ടത്.
കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചികുൻഗുനിയയെ 'ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വടക്കേ അമേരിക്കയിൽ 3,500 ആളുകളിൽ രണ്ടു തവണ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം നടത്തി. പരീക്ഷണത്തിനിടെ 1.6 ശതമാനം വാക്സിൻ സ്വീകർത്താക്കളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം എന്നീ സാധാരണയുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
50 ലക്ഷം പേർക്കാണ് കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് ചികുൻഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുൻഗുനിയ. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.