'ഒമിക്രോൺ എല്ലാവരെയും പിടികൂടും; യു.എസ് കോവിഡിനോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകും' - ഡോ. ഫൗചി
text_fieldsവാഷിങ്ടൺ: കൊറോണ വൈറസിനെ നിയന്ത്രിക്കാവുന്ന രോഗമായി കണ്ട്, അതിനോട് പൊരുത്തപ്പെട്ട് മുന്നോട്ട് നീങ്ങാനുള്ള പരിവർത്തനത്തിെൻറ ഘട്ടത്തിലേക്ക് അമേരിക്ക അടുക്കുകയാണെന്ന് ഡോ. ആൻറണി ഫൗചി അഭിപ്രായപ്പെട്ടു. രാജ്യത്ത് കേസുകൾ കുതിച്ചുയരുകയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച ആളുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഫൗചിയുടെ പ്രതികരണം.
സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിനോട് (CSIS) സംസാരിക്കവേയാണ് അമേരിക്കൻ പ്രസിഡൻറിൻെറ മെഡിക്കൽ ഉപദേഷ്ടാവും കോവിഡ് പ്രതിരോധ വിദഗ്ധനുമായ ഫൗചി ഇക്കാര്യം പറഞ്ഞത്. 'കോവിഡിനെ ഇല്ലാതാക്കുന്നത് ഇനി സംഭവ്യമല്ല, ഒമിക്രോൺ അതിന്റെ അസാധാരണവും അഭൂതപൂർവ്വവുമായ വ്യാപനപരത കൊണ്ട് ആത്യന്തികമായി എല്ലാവരേയും പിടികൂടുക തന്നെ ചെയ്യും'.
'ഞങ്ങൾ ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ പോകുന്നില്ല. പ്രത്യേകിച്ച്, അതിന്റെ പടർന്നുപിടിക്കുന്ന സ്വഭാവവും, പുതിയ വകഭേദങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടാനുള്ള പ്രവണതയും വാക്സിനേഷൻ എടുക്കാത്ത ആളുകളുടെ വലിയ കൂട്ടവും ഉള്ളിടത്തോളം കാലം. - ഫൗചി പറഞ്ഞു. 'വാക്സിനുകൾ കൃത്യമായി എടുത്തവർ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് നന്നായി സംരക്ഷിക്കപ്പെടുന്നു, എന്നാൽ അണുബാധയ്ക്കെതിരായ വാക്സിൻ ഫലപ്രാപ്തി കുറഞ്ഞിരിക്കുകയാണ്'. -അദ്ദേഹം മുന്നറിയിപ്പ് നൽകി.
'എന്നാൽ ഒമിക്രോൺ കേസുകൾ മുകളിലേക്കും താഴേക്കും പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിൽ മതിയായ സംരക്ഷണമുള്ളതും, ആവശ്യത്തിന് മരുന്നുകൾ ലഭ്യമായതും, ആരെങ്കിലും രോഗബാധിതരാകുകയും ഉയർന്ന അപകടസാധ്യതയുള്ള ഘട്ടത്തിലെത്തുകയും ചെയ്താൽ, അവരെ ചികിത്സിക്കാൻ എളുപ്പവുമായ ഒരു പുതിയ ഘട്ടത്തിലേക്ക് രാജ്യം (അമേരിക്ക) പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - ഫൗചി പറഞ്ഞു. നാം അതിലേക്കെയെത്തിയാൽ അവിടെയാണ് ആ പരിവർത്തനമുള്ളത്. ഒരു പക്ഷെ അതിെൻറ വാതിൽപ്പടിയിലാണ് നാമുള്ളതെന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കയിൽ പ്രതിദിനം ഒരു ദശലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. 1.5 ലക്ഷത്തോളം ആളുകൾ ആശുപത്രിയിലാണ്. 1,200 ലധികം പേർ രോഗ ബാധയെ തുടർന്ന് മരിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.