ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്
text_fieldsകൊച്ചി: ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നവ കേരളം കർമ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളൻറിയേഴ്സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.
പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അൾസർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ആയിരത്തിലധികം രോഗികൾക്ക് ആശുപത്രി വഴി പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നുണ്ട്.
94 ലക്ഷം രൂപ കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ലേബർറൂം കോംപ്ലക്സ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഹെൽപ്പ് ഡെസ്ക്, ഡോക്ടേഴ്സ് റൂം, പ്രൊസീജർ ഏരിയ, വെയിറ്റിംഗ് റൂം, നഴ്സിംഗ് ബേ, രണ്ട് ലേബർ സ്യൂട്ട്, ആറ് ലേബർ കോർട്ടുകൾ, സെപ്റ്റിക് ലേബർ റൂം, സ്റ്റോർ, ബേബി റെസീസിറ്റേഷൻ കോർണർ, സ്റ്റാഫ് റെസ്റ്റ് റൂം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിൽ 16 കിടക്കകളുള്ള മെഡിക്കൽ ഐസിയുവും 22 കിടക്കകളുള്ള കാർഡിയോളജി ഐസിയുവുമാണ് ജനറൽ ആശുപത്രിയിൽ നിലവിലുള്ളത്. എന്നാൽ മെഡിക്കൽ ഐ.സി.യുവിലെ 16 കിടക്കകൾ അപര്യാപ്തമായതിനാൽ ഈ കുറവ് പരിഹരിക്കുന്നതിനായി 15 കിടക്കകളുള്ള മെഡിക്കൽ ഐ.സി.യു ആണ് പുതുതായി ആശുപത്രിയിൽ ഒരുങ്ങിയിരിക്കുന്നത്.
മെട്രോ നഗരത്തിൽ സജ്ജമാകേണ്ട ഏറ്റവും അത്യാവശ്യമായ ഒന്നാണ് ബേൺസ് യൂനിറ്റ്. ഒരുകോടി 21 ലക്ഷം രൂപ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ബേൺസ് യൂനിറ്റിൽ ആധുനികമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഒ.പി രജിസ്ട്രേഷൻ കൗണ്ടർ, ലൂഡി ലൂയിസ് എം.എൽ.എയുടെ 2013 -14 ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടുകോടി ചെലവഴിച്ച സ്പെഷ്യാലിറ്റി ബ്ലോക്ക് എക്സ്റ്റൻഷൻ പൂർത്തിയാക്കി.
ചികിത്സയോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കൂടി കണക്കിലെടുത്താണ് കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ 15 ലക്ഷം രൂപ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പൂമ്പാറ്റ കുട്ടികളുടെ പാർക്ക് ഒരുക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ ഗെയിം കോർണർ, ഗെയിം ഏരിയ, പ്ലേ ഏരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കാസ്പ് ഫണ്ട് ഉപയോഗിച്ച് ഇൻഷുറൻസ്, ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വെബ്സൈറ്റും തയ്യാറായതോടെ എറണാകുളം ജനറൽ ആശുപത്രി കൂടുതൽ ആധുനിക സജീകരണങ്ങളുടെ മുന്നേറുകയാണ്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ജനറൽ ആശുപത്രി ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ ഉമേഷ്, മുൻ എം.എൽ.എ ലൂഡി ലൂയിസ് എന്നിവർ മുഖ്യാതിഥികളായി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ഷാഹിർഷാ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.