കേന്ദ്രത്തിന്റെ അവഗണനക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ വികസിപ്പിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി 6.60 കോടി രൂപ.
ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമായി 10 കോടി വകയിരുത്തി.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ പുതുതായി ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 9.88 കോടി യും വിദ്യാലയങ്ങളില്‍ 'സ്‌കൂള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രോഗ്രാം' എന്ന പുതിയ പദ്ധതിയ്ക്ക് 3.10 കോടി രൂപയും വകയിരുത്തി.
സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ആകെ 401.24 കോടി രൂപ വകയിരുത്തി. · റിജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി തിരുവനന്തപുരം, കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് തിരുവനന്തപുരം, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടി വകയിരുത്തി.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവത്കരണത്തിനുമായി 21.08 കോടിയും ദേശീയ ആയുഷ് മിഷന്‍ (ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ) പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി 15 കോടിയും ഹോമിയോപ്പതി ആരോഗ്യ പരിരക്ഷ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശുപത്രികളിലെയും നിലവിലുള്ള ഹോമിയോ ഡിസ്‌പെന്‍സറികളിലെയും ക്ലിനിക്കല്‍, നോണ്‍-ക്ലിനിക്കല്‍ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി നവീകരിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ള വിശാല പദ്ധതിക്കായി 6.89 കോടി രൂപയും വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.