സ്ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ നൽകുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിങും നല്‍കുന്നത്.
നിസാര പരിക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കും. അതില്‍ മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും. ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയും സേവനം നല്‍കും. കൂടാതെ മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ സ്വകാര്യ മാനസികാരോഗ്യ വിദഗ്ധരുടേയും സംഘടനകളുടേയും പിന്തുണ തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കളമശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ സെക്കന്ററിതല ചികിത്സ, മാനസിക പിന്തുണ ഉറപ്പാക്കല്‍, നിലവിലെ സ്ഥിതി എന്നിവ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ആകെ 53 പേരാണ് ചികിത്സ തേടിയെത്തിയത്. 21 പേരാണ് വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 16 പേരാണ് ഐസിയുവിലുള്ളത്.
കളമശേരി മെഡിക്കല്‍ കോളജ് -മൂന്ന്, രാജഗിരി -നാല്, എറണാകുളം മെഡിക്കല്‍ സെന്റര്‍-നാല്, സണ്‍റൈസ് ആശുപത്രി -രണ്ട്, ആസ്റ്റര്‍ മെഡിസിറ്റി- രണ്ട്, കോട്ടയം മെഡിക്കല്‍ കോളജ് -ഒന്ന് എന്നിങ്ങനെയാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള മൂന്ന് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. അവര്‍ക്ക് പരമാവധി ചികിത്സ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. ചിലര്‍ക്ക് സര്‍ജറിയും ആവശ്യമാണ്.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. കളമശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.
സെക്കന്ററിതല ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അണുബാധ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ്‌ലൈന്‍ ഈ ആഴ്ച കൂടി പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, 14 അംഗ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.