വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്
text_fieldsതിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് മന്ത്രി വീണ ജോര്‍ജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കാനായി. ഈ വര്‍ഷം 1 മുതല്‍ 19 വയസ് വരെയുള്ള 74,73,566 കുട്ടികള്‍ക്ക് ഗുളിക നല്‍കുവാനാണ് ലക്ഷ്യമിട്ടത്.
അതില്‍ 94 ശതമാനം കുട്ടികള്‍ക്കും (70,28,435) ഗുളിക നല്‍കാനായി. ലക്ഷ്യമിട്ട 99 ശതമാനം കുട്ടികള്‍ക്കും ഗുളിക നല്‍കിയ (7,14,451) കോഴിക്കോട് ജില്ലയും 98 ശതമാനം കുട്ടികള്‍ക്കും ഗുളിക നല്‍കിയ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുമാണ് മുന്നിലുള്ളത്. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് യജ്ഞം സംഘടിപ്പിച്ചത്. സ്‌കൂളുകളും അങ്കണവാടികളും വഴിയാണ് കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിയത്.
വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ഇത് മുന്നില്‍ കണ്ട് വിരവിമുക്ത യജ്ഞത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കിയത്. നിശ്ചയിച്ച ദിവസം സ്‌കൂളുകളിലെത്തിയ കുട്ടികള്‍ക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയും ഗുളിക നല്‍കി.
വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാന്‍ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്. വിരബാധയുണ്ടാകാതിരിക്കാന്‍ വ്യക്തിശുചിത്വം പാലിക്കണം. ഭക്ഷണത്തിന് മുന്‍പും മലവിസർജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. മാംസം നന്നായി പാചകം ചെയ്യണം. നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കണം. വീടിന് പുറത്തുപോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. ഭക്ഷണം അടച്ച് സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. 6 മാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ഗുളിക കഴിക്കുക.
പല കാരണം കൊണ്ട് വിര നശീകരണ ഗുളിക നല്‍കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗുളിക ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.