വിറ്റമിന്‍ ‘ഡി’ യുടെ അളവ് കുറഞ്ഞാൽ
text_fieldsശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് വിറ്റമിന്‍ ഡി. ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും പല അസുഖങ്ങളെയും പ്രതിരോധിക്കാനും വിറ്റമിൻ ഡി പ്രധാനമാണ്. നിശ്ചിത അളവിൽ വിറ്റമിൻ ഡി ശരീരത്തിൽ ഇല്ലെങ്കിൽ ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വഴിവെക്കും.
കൊഴുപ്പില്‍ അലിയുന്ന വിറ്റമിന്‍ ഡി പ്രകൃതിയില്‍ കാണപ്പെടുന്ന സ്റ്റിറോയ്ഡ് വിഭാഗത്തിലുള്ളതാണ്. സാധാരണ നാം കഴിക്കുന്ന മത്സ്യവിഭവങ്ങള്‍, മീനെണ്ണ, കോഡ് ലിവര്‍ ഓയില്‍, സസ്യാഹാരങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ശരീരത്തിന് ആവശ്യമായ വിറ്റമിന്‍ ഡി ലഭിക്കും. ത്വക്കിലുള്ള 7 ഡിഹൈഡ്രോ കൊളസ്ട്രോളിനെ അള്‍ട്രാവയലറ്റ് രശ്മികൾ വിറ്റമിന്‍ ഡിയുടെ ഒരു രൂപഭേദമാക്കി മാറ്റുന്നു. ഇത് 25 ഹൈഡ്രോക്സി വിറ്റമിന്‍ ഡിയായി മാറ്റി കരളില്‍ ശേഖരിക്കപ്പെടുന്നു. 25 ഹൈഡ്രോക്സി വിറ്റമിന്‍ ഡി പരിശോധിച്ചുകൊണ്ട് ശരീരത്തിലെ വിറ്റമിന്‍ ഡി അളവ് കണ്ടെത്താന്‍ കഴിയും.
വെയിലും വിറ്റാമിനും
സാധാരണ 90 ശതമാനം വിറ്റമിന്‍ ഡിയും ത്വക്കില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇരുണ്ട ചര്‍മമുള്ളവരില്‍ ത്വക്കില്‍ മെലാനിന്‍ അളവ് കൂടുതലായതിനാല്‍ വിറ്റമിന്‍ ഡി ഉൽപാദനം കുറവായിരിക്കും. മെലാനിന്‍ കൂടുതലുള്ള വെളുത്ത ചര്‍മമുള്ളവരില്‍ 11നും 3നും ഇടയില്‍ ഏകദേശം ഒരു മണിക്കൂര്‍ വെയിലേല്‍ക്കുന്നത് വഴി ആവശ്യത്തിനുള്ള വിറ്റമിന്‍ ഡി ത്വക്കില്‍ രൂപപ്പെടും. മെലാനിന്‍ കുറഞ്ഞ ഇരുണ്ട ചര്‍മമുള്ളവര്‍ കൂടുതല്‍ സമയം വേയിലേല്ക്കേണ്ടതായി വരും.
കുടലില്‍ നിന്ന് കാല്‍സ്യവും ഫോസ്ഫറസും ആഗിരണം ചെയ്യാന്‍ സഹായിക്കുകയെന്നതാണ് വിറ്റമിന്‍ ഡിയുടെ പ്രധാന ധര്‍മം. കൂടാതെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാഡികളും പേശികളും തമ്മില്‍ സംവേദനം നടത്തുന്നതിനും വിറ്റമിന്‍ ഡി സഹായിക്കും. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിറ്റമിന്‍ ഡിക്ക് വലിയ പങ്കുണ്ട്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുക,കോശങ്ങളുടെ അമിത വിഘടനം തടയുക,അസ്ഥികളുടെ ധാതുവത്കരണത്തിന് സഹായിക്കുക തുടങ്ങിയവക്കും വിറ്റമിന്‍ ഡി ശരീരത്തിലുണ്ടാകേണ്ടത് അനിവാര്യമാണ്.
കുട്ടികളില്‍
കുട്ടികളില്‍ വിറ്റമിന്‍ ഡിയുടെ അഭാവം കാരണം റിക്കറ്റ്സ് എന്ന രോഗവും മുതിര്‍ന്നവരില്‍ ഓസ്റ്റിയോ മലേസിയ എന്ന അവസ്ഥയുമുണ്ടാകുന്നു. കൂടാതെ ശരീരകോശങ്ങള്‍ക്ക് പുറത്തുള്ള ദ്രാവകങ്ങളില്‍ കാൽസ്യം, അയണ്‍ എന്നിവ കുറയുന്നത് മൂലമുണ്ടാകുന്ന ഹൈപോകാല്സീമിക് ടെറ്റനി എന്ന അവസ്ഥയും ചിലരില്‍ വിറ്റമിന്‍ ഡിയുടെ കുറവ് മൂലം കണ്ടുവരുന്നു.
എങ്ങനെ ലഭിക്കും?
മത്സ്യങ്ങള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, മുട്ട തുടങ്ങിയവയില്‍ നിന്ന് ആവശ്യത്തിന് വിറ്റമിന്‍ ഡി ലഭിക്കും. കുടലിലെ കൊഴുപ്പിന്റെ ആഗിരണത്തിനനുസരിച്ചാണ് ശരീരത്തില്‍ വിറ്റമിന്‍ ഡിയുടെ ആഗിരണത്തിന്റെ തോത്. കൊഴുപ്പിന്റെ ആഗിരണം കുറഞ്ഞാല്‍ വിറ്റമിന്‍ ഡിയുടെ ആഗിരണത്തിലും ആനുപാതികമായ കുറവ് സംഭവിക്കും.
വിറ്റമിന്‍ ഡിയുടെ അഭാവം കാരണം എല്ലുകളുടെ മിനറലൈസേഷന്‍ കൃത്യമായി നടക്കാത്തതിനാലാണ് കുട്ടികളില്‍ റിക്കറ്റ്സും മുതിര്‍ന്നവരില്‍ ഓസ്റ്റിയോ മലേസിയയും ഉണ്ടാകാന്‍ കാരണം. ഒരു വയസ്സുള്ള കുട്ടികളിലാണ് റിക്കറ്റ്സ് പ്രധാനമായും കാണപ്പെടുന്നത്. ആഹാരത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് കുറയുന്നതാണ് കാരണം. അടുത്തടുത്ത ഗര്‍ഭധാരണത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് വിറ്റമിന്‍ ഡിയുടെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. സാധാരണ രക്തത്തിലെ വിറ്റമിന്‍ ഡിയുടെ അളവ് (25 ഹൈഡ്രോക്സി വിറ്റമിന്‍ ഡി) 20 മുതല്‍ 100 നാനോ ഗ്രാം/ മില്ലി ലിറ്റര്‍ ആണ്.
എല്ലുകള്‍ക്ക് പുറമെ മാക്രോഫേജസ്, കെരാറ്റിനോസൈറ്റ്സ്, സ്തനങ്ങള്‍,പ്രോസ്റ്റേറ്റ് ഗ്രന്ഥി, വന്‍ കുടല് തുടങ്ങിയ അവയവങ്ങള്‍ക്കും 125 ഡീഹൈഡ്രോക്സി വിറ്റമിന്‍ ഡി ഉൽപാദിപ്പിക്കാന് സാധിക്കും. മാക്രോഫേസിലുണ്ടാകുന്ന വിറ്റമിന്‍ ഡി ചില പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും. കൂടാതെ 200 ലധികം ജീനുകളുടെ എക്സ്പ്രഷന്‍ നിയന്ത്രിക്കുന്നതും വിറ്റമിന്‍ ഡിയാണ്. കൂടാതെ, വിറ്റമിന്‍ ഡിയുടെ അളവ് 20 നാനോ ഗ്രാം/ മില്ലി ലിറ്ററിൽ കുറവായവരില്‍ വന്‍കുടല്‍, പ്രോസ്റ്റേറ്റ്, സ്തനം എന്നിവിടങ്ങളിലെ അർബുദസാധ്യത 30 മുതല്‍ 50 ശതമാനം വരെ കൂടുതലായി കാണപ്പെടുന്നു.
വിറ്റമിന്‍ ഡി അളവ് കൂടിയാല്‍
സാധാരണ വെയില് കൊണ്ടാല്‍ വിറ്റമിന്‍ ഡി അളവ് അപകടകരമായ രീതിയിൽ വര്‍ധിക്കില്ല. എന്നാല്‍ അധികമായി കഴിക്കുന്ന വിറ്റമിന്‍ ഡി ഗുളികകള്‍ രക്തത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് ക്രമാതീതമായി കൂടാന്‍ കാരണമാകും. കുട്ടികളില്‍ ഇത് കോശങ്ങളില്‍, പ്രത്യേകിച്ച് വൃക്കകളില്‍ കാല്സിഫിക്കേഷന് എന്ന അവസ്ഥക്ക് വഴിവെക്കും.
മുതിര്‍ന്നവരില്‍ രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് അമിതമാകുന്നതിനും കാരണമാകാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായിരിക്കെ തന്നെ അളവ് അമിതമായാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കാനും ഇത് കാരണമാകും. എന്നാല്‍ വെയിലേല്‍ക്കുക, വിറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുക തുടങ്ങിയ സ്വാഭാവിക രീതികളിലൂടെ ശരീരത്തിന് ആവശ്യമായ അളവില്‍ മാത്രമാണ് വിറ്റമിന്‍ ഡി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.